- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലും രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്നാണ് മാസപ്പടി കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥികൾക്കായി കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മോദി.
മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാൽ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.
അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കും. അഴിമതി നടത്തിയവരിൽ നിന്നും പണം തിരികെ പാവങ്ങൾക്ക് എത്തിക്കും. അഴിമതിക്കാർ മോദിയെ തടയാൻ ശ്രമിക്കുന്നുവെന്നും മോദി ഇവരെ പേടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയാണ്. കേരളത്തിലെ ഓരോ വീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരന്റിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.
അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന് മുൻഗണന നൽകുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിനെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മഹത്തായ പൈതൃകം ലോകം മുഴുവൻ അറിയണം. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണ് ലക്ഷ്യം. ഹോം സ്റ്റേകൾ തുടങ്ങാൻ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകും. ഇത് വനവാസികൾക്കടക്കം സഹായകമാകും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കും. തീരദേശം സംരക്ഷിക്കും.
വന്ദേഭാരത് സ്ലീപ്പർ, ചെയർകാർ, മെട്രോ എന്നിങ്ങനെ മൂന്ന് രീതിയിൽ സർവീസ് നടത്തും. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പണികൾ നടക്കുകയാണ്. ഏറെ വൈകാതെ ട്രെയിൻ ഓടിതുടങ്ങും. തെക്കേ ഇന്ത്യയിലും മറ്റു ഭാഗങ്ങളിലും ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. സർക്കാർ അധികാരത്തിലെത്തിയാൽ ഉടൻ സർവേ തുടങ്ങും.
കേരളത്തിന്റെ വികസനം വിശ്വാസ്യതയുള്ള സർക്കാരിനേ സാധ്യമാക്കാനാകൂ. കോൺഗ്രസ്, ഇടതുസർക്കാരുകൾക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ? ഇവിടെ തമ്മിലടിക്കും. പക്ഷെ ഡൽഹിയിൽ സൗഹൃദത്തിനായി മീറ്റിങ്ങുകൾ ചേരുന്നു. ഇടതുപക്ഷ സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.