- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയും ഖാർഗെയും തമ്മിൽ വാക്പോര്
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ വിമർശനവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാക്കിസ്ഥാനും കോൺഗ്രസുമായിട്ടുള്ള ബന്ധം പരസ്യമാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. ഗുജറാത്തിലെ ആനന്ദിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമർശനം.
ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാകുകയാണ്. അപ്പോൾ പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരാനായി പ്രാർത്ഥനയിലാണെന്ന് മോദി പറഞ്ഞു. പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോൾ പൂർണ്ണമായും വെളിപ്പെട്ടിരിക്കുകയാണ്. ദുർബ്ബലമായ കോൺഗ്രസ് സർക്കാർ ഭീകരതയുടെ യജമാനന്മാർക്ക് രേഖകൾ നൽകി. എന്നാൽ മോദിയുടെ ശക്തമായ സർക്കാർ ഭീകരരെ അവരുടെ മണ്ണിൽ വകവരുത്തുന്നു. ഇവിടെ കോൺഗ്രസ് മരിക്കുകയും അവിടെ പാക്കിസ്ഥാൻ കരയുകയും ചെയ്യുന്നു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. സ്നേഹത്തിന്റെ കട എന്നു കോൺഗ്രസ് വിശേഷിപ്പിക്കുമ്പോൾ, അത് വ്യാജ വസ്തുക്കളുടെ ഫാക്ടറി ആയി മാറിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
യുപിഎ ഭരണത്തെ 'ശാസൻകാൽ' (ഭരണകാലം) എന്നും നിലവിലെ എൻഡിഎ ഭരണത്തെ 'സേവകാൽ' (സേവന കാലം) എന്നും പരാമർശിച്ച പ്രധാനമന്ത്രി, കോൺഗ്രസ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കോൺഗ്രസിന്റെ 60 വർഷത്തെ ഭരണത്തിൽ 60 ശതമാനം ഗ്രാമീണർക്കും ശൗചാലയ സൗകര്യമില്ലായിരുന്നു. വെറും 10 വർഷം കൊണ്ടാണ് ബിജെപി സർക്കാർ ഈ നേട്ടം കൈവരിച്ചത്.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) നൽകുന്ന സംവരണം മുസ്ലിങ്ങൾക്ക് നൽകാനായി ഭരണഘടന മാറ്റിയെഴുതാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിന് ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് രേഖാമൂലം ഉറപ്പു നൽകാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വർഷമായ 2047 ൽ ഇന്ത്യ വികസിത ഭാരതം ആകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് ഖാർഗെ
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംവാദത്തിന് വെല്ലുവിളിച്ചു. കോൺഗ്രസ് പ്രകടന പത്രികയെ കുറിച്ച് കള്ളംപറയുന്നത് അവസാനിപ്പിക്കണമെന്നും വിദ്വേഷപ്രചാരണം നിർത്തണമെന്നും ആവശ്യപ്പെട്ട് ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.
'ഞങ്ങളുടെ പ്രകടനപത്രിക നീതിയെക്കുറിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും എങ്ങനെ വളർച്ചകൊണ്ടുവരാമെന്നുമാണ് പറയുന്നത്. വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെടുന്നതിനുപകരം കഴിഞ്ഞ പത്തുവർഷത്തെ നിങ്ങളുടെ സർക്കാരിന്റെ പ്രകടനത്തേക്കുറിച്ച് പറഞ്ഞ് വോട്ട് തേടുന്നതാണ് പ്രധാനമന്ത്രി എന്ന നിലയിൽ നല്ലത്. ഞങ്ങളുടെ പ്രകടനപത്രികയെക്കുറിച്ചും നിങ്ങൾ പറഞ്ഞ പോയിന്റുകളെക്കുറിച്ചും ഞങ്ങളുമായി സംവാദം നടത്താൻ നിങ്ങളെയോ നിങ്ങൾ ചുമതലപ്പെടുത്തുന്ന ആളെയോ കോൺഗ്രസ് പാർട്ടി വെല്ലുവിളിക്കുന്നു', ഖാർഗെ കത്തിൽ പറഞ്ഞു.
വർദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ നമ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂർവമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങൾക്ക് താൽപ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു.
'വോട്ടർമാരോട് എന്ത് പറയണമെന്ന് മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികൾക്കും നിങ്ങളയച്ച കത്ത് ഞാൻ കണ്ടു. നിരാശയും ആശങ്കയും നിങ്ങളിൽ ഉണ്ടെന്ന് കത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും വ്യക്തമായി. നിങ്ങളുടെ പ്രസംഗങ്ങളിലെ നുണകൾ നിങ്ങൾ ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെന്ന് കത്ത് കാണിക്കുന്നു, ഇപ്പോൾ സ്ഥാനാർത്ഥികളോട് കൂടുതൽ നുണകൾ പറയണമെന്ന് നിങ്ങൾ പറയുന്നു. ഒരു നുണ ആയിരംതവണ ആവർത്തിച്ചാൽ അത് സത്യമാകില്ല. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടം കഴിഞ്ഞപ്പോൾ വോട്ടർമാരുടെ എണ്ണംകുറഞ്ഞതിൽ നിങ്ങൾ നിരാശയിലാണെന്ന് കത്തിലൂടെ വ്യക്തമായി. നിങ്ങളുടെ നയത്തിലും പ്രചാരണത്തിലും ആളുകൾ ആകൃഷ്ടരല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്', ഖാർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ, അനിവാര്യമായ തോൽവി ഒഴിവാക്കാൻ നുണകൾ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളിൽ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകൾ നിങ്ങളെ ഓർക്കുകയുള്ളൂവെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.