വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ മോദി എത്തിയത്. വരാണസിയിൽനിന്നാണ് മൂന്നാം ഊഴം തേടി മോദി പത്രിക സമർപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും മുതിർന്ന ബിജെപി നേതാക്കളും ഇവിടെ എത്തിച്ചേർന്നിരുന്നു.

വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പുവെയ്ക്കാൻ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്. 'കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്... അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല' എന്നാണ് പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ മുൻപ് മോദി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാരാണസിയിൽനിന്നും വിജയിച്ചത്. ഇത്തവണ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് വാരാണസിയിൽ ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർത്ഥി. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദിയുടെ അഞ്ചു കിലോമീറ്ററോളം നീണ്ട റോഡ്‌ഷോ ഉണ്ടായിരുന്നു. അലങ്കരിച്ച വാഹനത്തിൽ മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. കൈവീശിയും വിജയചിഹ്നം കാണിച്ചും ചിലയിടത്ത് കൈകൾ കൂപ്പി അനുഗ്രഹം തേടിയുമായിരുന്നു മോദിയുടെ റോഡ്‌ഷോ. 200 ലേറെ അമ്പലങ്ങൾക്കും 60 ആശ്രമങ്ങൾക്കു മുന്നിലൂടെ നീങ്ങിയ റോഡ് ഷോ കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലാണ് അവസാനിച്ചത്.