- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനായി പ്രധാനമന്ത്രി മോദി കേരളത്തിൽ
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം കേരളത്തിൽ മുറുകവേ താരപ്രചാരകർ സംസ്ഥാനത്തെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമാണ് പ്രചരണത്തിനായി കേരളത്തിൽ എത്തുക. പ്രധാനമന്ത്രി മോദി ഇന്നലെ തന്നെ കേരളത്തിൽ എത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മോദി കൊച്ചിയിലെത്തിയത്.
തൃശൂരിലും തിരുവനന്തപുരത്തും സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കുന്നംകുളത്ത് രാവിലെ 11നാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കും. പിന്നാലെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.
മൈസൂരുവിൽ നിന്ന് വിമാനമാർഗം കാച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്‌നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്‌നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേൽവേലിയിൽ, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർത്ഥി. കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്‌ളൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വിവാദമായിരുന്നു. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്‌നാട്ടിൽ പരിപാടികൾ ഉണ്ട്. ഈ മാസം 19നാണ് തമിഴ്‌നാട്ടിൽ വോട്ടിങ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മോദിയുടെ രണ്ടാം കേരള സന്ദർശനമാണിത്. മാർച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ രാഹുൽ മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുലിനെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. 10 മണിയോടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനം തുടങ്ങുന്നത്. 11ന് പുൽപള്ളിയിൽ കർഷക സംഗമത്തിലും തുടർന്ന് മൂന്ന് റോഡ് ഷോകളിലും പങ്കെടുക്കും. വൈകീട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുൽ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർഥിക്കും. നേരത്തെ പത്രിക സമർപ്പണത്തിനായിരുന്നു രാഹുൽ വയനാട്ടിലെത്തിയത്.