ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദത്തിൽ. മുസ്ലിം വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയതെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഖാർഗെ വ്യക്തമാക്കി.

ഹിന്ദു-മുസ്ലിം പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ പ്രസംഗം. കോൺഗ്രസ് അവരുടെ പ്രകടപത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നായിരുന്നു മന്മോഹൻ സിങ് സർക്കാരിന്റെ വാദമെന്നും ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് കോൺഗ്രസടക്കം രംഗത്തുവന്നിട്ടുള്ളത്. അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർ.എസ്.എസ്സിന്റേയും ബിജെപിയുടേയും പരിശീലത്തിന്റെ പ്രത്യേകതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാജ്യത്തെ 140 കോടി ജനങ്ങൾ ഇനി ഈ നുണയുടെ ഇരകളാകാൻ പോകുന്നില്ല. കോൺഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്‌ത്തിയിട്ടില്ലെന്നും ഖാർഗെ എക്‌സിൽ ആരോപിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

കോൺഗ്രസിന്റെ 'വിപ്ലവകരമായ പ്രകടനപത്രിക'ക്ക് ലഭിക്കുന്ന വൻ പിന്തുണ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോൾ വിഷയങ്ങൾ അടിസ്ഥാനമാക്കി വോട്ട് ചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമി ഷനിൽ പരാതി നൽകാനൊരുങ്ങി സിപിഎം. നേരത്തെ ഈ വിഷയത്തിൽ പരാതി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മോദിയുടെ വിദ്വേഷ പരാമർശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനിൽ പരാതി നൽകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും അറിയിച്ചു.

മോദിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ഭൂരിപക്ഷ വോട്ടുകൾ ഉറപ്പാക്കാൻ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വൃത്തികെട്ട രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചിരുന്നു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

സിപിഎം, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും പരാതി നൽകുമെന്ന് അറിയിച്ചു. മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'മോദി മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നുമാണ് വിളിച്ചത്. 2002 മുതൽ ഇന്നുവരെ, മുസ്‌ലിംകളെ അധിക്ഷേപിച്ച് വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഉറപ്പ്. മോദിയുടെ ഭരണത്തിനു കീഴിൽ ഇന്ത്യയുടെ സമ്പത്തിന്റെ ആദ്യ അവകാശം അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്കാണെന്ന് അറിയണം. രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം ഇന്ത്യക്കാരുടെ കൈകളിലാണ്. സാധാരണ ഹിന്ദുക്കളെ മുസ്‌ലിംകളെ ഭയപ്പെടുന്നവരാക്കി, അതേസമയം അവരുടെ സമ്പത്ത് മറ്റുള്ളവരെ സമ്പന്നരാക്കാൻ ഉപയോഗിക്കുന്നു' -ഉവൈസി എക്‌സിൽ കുറിച്ചു.