- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിലെ തെരഞ്ഞെടുപ്പു പ്രചരണം ക്ലൈമാക്സിലേക്ക്; 26 കിലോ മീറ്റർ നീണ്ട റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രചരണത്തിന് സോണിയയും രാഹുലും എത്തും; ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ്; അവസാന ഘട്ടത്തിൽ പോരാട്ടം പൊടിപാറുന്നു
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കവേ ഇളക്കി മറിച്ചുള്ള പ്രചരണവുമായി കോൺഗ്രസും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ താരപ്രചാരകനാക്കിയാണ് ബിജെപി കളം നിറഞ്ഞിരക്കുന്നത്. ഇന്ന് ബംഗളുരു നഗരത്തിൽ വൻ റോഡ്‌ഷോയുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുള്‌ലത്. ബെംഗളൂരു നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീണ്ട മെഗാ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 വരെയാണ് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് മോദി കർണാടകത്തിലെത്തിയത്. പ്രവൃത്തിദിവസമായതിനാൽ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവർ മെട്രോ പോലുള്ള ഗതാഗതമാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ആദ്യം ശനിയാഴ്ച 36 കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നിൽക്കണ്ടും റോഡ് ഷോ, രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മെയ് മാസം മാത്രം ഇത് നാലാമത്തെ പ്രചാരണപരിപാടിയാണ്. ഭരണവിരുദ്ധവികാരം ശക്തമായിരിക്കേ, മോദിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനലാപ്പിലും ശ്രമിക്കുന്നത്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രസ്താവന കോൺഗ്രസിന് അവസാന നിമിഷം തിരിച്ചടിയായിരുന്നു. ഈ വിഷയം ഉയർത്തിയാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പു പ്രചരണം മുറുക്കുന്നത്.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്ന് കർണാടകത്തിലെ വിവിധ ജില്ലകളിൽ പ്രചാരണത്തിനെത്തും. ഈ മാസം ഇത് നാലാം ദിവസമാണ് രാഹുൽ കർണാടകത്തിൽ പ്രചാരണത്തിനിറങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ബെലഗാവിയിൽ രണ്ട് പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി, വൈകിട്ട് ആറ് മണിക്ക് സോണിയാ ഗാന്ധിക്കൊപ്പം ഹുബ്ബള്ളിയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. സീറ്റ് കിട്ടാതെ ബിജെപിയിൽ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ജഗദീഷ് ഷെട്ടർ അടക്കമുള്ള നേതാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കും.
അതിനിടെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.ചിത്താപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ രേഖ ഇതിന് തെളിവായി കോൺഗ്രസ് പുറത്ത് വിട്ടു.ഖർഗെയുടെ മകൻ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂർ റാത്തോഡിന്റെ ടെലിഫോൺ സംഭാഷണത്തിൽ മല്ലികാർജുൻ ഖർഗെയെ കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിക്കുന്നതും, ഖർഗെയെ തീർത്ത് കളയുമെന്ന് പറയുന്നതും കേൾക്കാം.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും കോൺഗ്രസ് പ്രചരണത്തിനായി ഇറക്കിയിട്ടുണ്ട്. സദ്ഭരണത്തിന്റെ മാതൃകയായി രാജസ്ഥാനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. 4 ലക്ഷം രാജസ്ഥാനികളാണ് കർണാടകത്തിൽ സ്ഥിരതാമസക്കാരായുള്ളത്. ഇവരിൽ ഒന്നരലക്ഷം പേരും ഇവിടെ വോട്ടുള്ളവരാണ്. സംസ്ഥാനത്തെ വോട്ടിങ് ശതമാനത്തിന്റെ നാല് ശതമാനം രാജസ്ഥാനികളാണെന്ന് ചുരുക്കം. അതുകൊണ്ട് ഇവരുടെ ഓരോ വോട്ടും നിർണായകമാണ്. മാർവാഡി വ്യാപാരി സമൂഹത്തെ സ്വാധീനിക്കാൻ ഗെഹ്ലോട്ടിന്റെ വരവിന് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
രാജസ്ഥാനിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസിന് ഭരണമുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച രാജസ്ഥാൻ കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ രണ്ട് തവണയാണ് മോദി രാജസ്ഥാൻ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിന് വോട്ട് ചെയ്യുകയെന്നാൽ അസ്തിരമായ സർക്കാരിന് വോട്ട് ചെയ്യുക എന്നാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജസ്ഥാനും ഛത്തീസ്‌ഗഡും സൂചിപ്പിച്ചായിരുന്നു പരാമർശം. കോൺഗ്രസിൽ മാത്രമല്ല ബിജെപിയിലും രാജസ്ഥാനിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടെന്നാണ് ഇതിനോട് ഗെഹ്ലോട്ട് തിരിച്ചടിച്ചത്. ജനവിധിയിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ അട്ടിമറിക്കലാണ് ബിജെപി മാതൃകയെന്നും അദ്ദേഹം വിമർശിച്ചു.
മറുനാടന് ഡെസ്ക്