- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിന്റെ ഫലം ഞായറാഴ്ച; ഹിന്ദി ഹൃദയഭൂമിയിൽ പെട്ട മൂന്നുസംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപിയും കോൺഗ്രസും തമ്മിൽ ക്ലാസിക് പോരാട്ടം; തെലങ്കാനയിൽ ഹാട്രിക് തികയ്ക്കാൻ നോക്കുന്ന കെ സി ആറിന്റെ ടി ആർ എസിനെ താഴെയിറക്കാനുള്ള തീവ്രശ്രമം; നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാഷ്ട്രീയകക്ഷികൾക്ക് ഉറക്കമില്ലാ രാവ്
ന്യൂഡൽഹി: അടുത്ത വർഷത്തെ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ. അതെ അതിന്റെ ഫലമാണ് നാളെ അറിയാൻ പോകുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്്, തെലങ്കാന സംസ്ഥാനങ്ങളിലെ ഫലം നാളെ വരും. മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
ഞായറാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണലിനായി ഒരുക്കങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ബിജെപി- കോൺഗ്രസ് ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ കാരണം, ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിക്കാനുള്ള ഇരുപാർട്ടികളുടെയും ആവേശം തന്നെ.
തെലങ്കാനയിൽ തുടർച്ചയായ മൂന്നാം വട്ടം അധികാരത്തിനായി മത്സരിക്കുന്ന ബിആർഎസിനെ താഴെയിറക്കാൻ ബിജെപിയും, കോൺഗ്രസും കടുത്ത പോരാട്ടമാണ് കാഴ്ച വച്ചത്. മിസോറാമിൽ, ഭരണകക്ഷിയായ എം എൻ എഫ്, കോൺഗ്രസ്, സെഡ് പി എം എന്നിങ്ങനെ ത്രികോണ മത്സരമാണ്.
ഛത്തീസ്ഗഡിലൊഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായായിരുന്നു വോട്ടെടുപ്പ്.
നെഞ്ചിടിപ്പോടെ ബിജെപിയും കോൺഗ്രസും
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്നതുകൊണ്ട് തന്നെ ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ മതിയാവൂ. രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഭരണം നിലനിർത്തുന്നതും, മധ്യപ്രദേശ് എതിരാളിയായ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുന്നതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
അതേസമയം, ബിജെപിക്കാകട്ടെ, മധ്യപ്രദേശ് നിലനിർത്തുകയും, മറ്റുരണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തുകയും വേണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടി ആർ എസ് ( ബി ആർ എസ്) അടക്കി വാഴുന്ന തെലങ്കാനയിൽ സ്വാധീനം ഉണ്ടാക്കേണ്ടേതും ബിജെപിയുടെ അത്യാവശ്യ ലിസ്റ്റിൽ പെട്ടതാണ്.
മിസോറാമിൽ, കോൺഗ്രസും സെഡ്പിഎമ്മും എംഎൻഎഫിന് എതിരെ കടുത്ത പോരാട്ടമാണ് നടത്തുന്നത്.
എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്
തെലങ്കാനയിലും, ഛത്തീസ്ഗഡിലും, കോൺഗ്രസ്. മധ്യപ്രദേശിലും, രാജസ്ഥാനിലും ബിജെപി. ഇതാണ് എക്സിറ്റ് പോളുകൾ പൊതുവെ പറഞ്ഞത്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ചില പോളുകളിൽ പറയുമ്പോൾ, ചിലർ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. ബിജെപിക്ക് 124 സീറ്റുവരെയും കോൺഗ്രസിന് 103 സീറ്റുമാണ് പ്രവചനം. ഛത്തീസ്ഗഡിൽ 50 സീറ്റുമായി കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ബിജെപിക്ക് 38 സീറ്റും. രാജസ്ഥാനിൽ 104 സീറ്റ് നേടുന്ന ബിജെപി 85 സീറ്റ് നേടുന്ന കോൺഗ്രസിനേക്കാൾ മുൻപിലെത്തും. എക്സിറ്റ് പോളുകൾ ശരിയായാൽ, അശോക് ഗെഹ്ലോട്ടിന് പുറത്തുപോകേണ്ടി വരും.
തെലങ്കാനയിൽ, ഇതാദ്യമായി കോൺഗ്രസ് സർക്കാർ രൂപീകരിച്ചേക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. കോൺഗ്രസ് 60 സീറ്റ് നേടുമ്പോൾ, ബിആർഎസ് 48 ൽ ജയിച്ചേക്കും. ബിജെപി, അഞ്ചിലും, എഐഎംഐഎം ആറിലും ജയിച്ചേക്കും.
വോട്ടെണ്ണൽ രാവിലെ 8 ന്
മധ്യപ്രദേശിലെ 230 സീറ്റിലേക്കും, ഛത്തീസ്ഗഡിലെ 90 സീറ്റിലേക്കും, തെലങ്കാനയിലെ 119 സീറ്റിലേക്കും, രാജസ്ഥാനിലെ 199 സീറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ്
മധ്യപ്രദേശിൽ കഴിഞ്ഞ വട്ടം കോൺഗ്രസ് 114 സീറ്റും, ബിജെപി 109 സീറ്റുമാണ് നേടിയത്. ചെറുകക്ഷികളുടെയും, സ്വതന്ത്രരുടെയും സഹായത്തോടെ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത കലാപത്തിൽ, കോൺഗ്രസ് സർക്കാർ വീഴുകയും, വിമത സഹായത്തോടെ, ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.
ഛത്തീസ്ഗഡിൽ, 90 ൽ 68 സീറ്റും നേടി കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ, ബിജെപിക്ക് 15 സീറ്റ് മാത്രമാണ് കിട്ടിയത്. അതിനുമുമ്പ് മൂന്നതവണ ഭരണത്തിലിരുന്ന കക്ഷിയാണ് ബിജെപി.
രാജസ്ഥാനിൽ, 2018 ൽ ഇരുപാർട്ടികളുടെയും വോട്ടുവിഹിതം ഏകദേശം ഒരുപോലെയായിരുന്നെങ്കിലും, കോൺഗ്രസ് 100 സീറ്റും, ബിജെപി 73 സീറ്റുമാണ് സ്വന്തമാക്കിയത്. 2013 ൽ ബിജെപി 163 സീറ്റും 45 ശതമാനം വോട്ടും നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചത്. കോൺഗ്രസിന് അന്ന് 79 സീറ്റിന്റെ നേട്ടം കിട്ടി. ആറ് സീറ്റ് നേടിയ ബിഎസ്പിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്.
തെലങ്കാനയിൽ, കഴിഞ്ഞ വട്ടം, ടി ആർഎസ് 119 ൽ 88 സീറ്റ് നേടി തകർപ്പൻ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലേറിയത്. കോൺഗ്രസിന് വെറും 19 സീറ്റും, ബിജെപിക്ക് ഒന്നും. കഴിഞ്ഞ തവണ 7 സീറ്റ് നേടിയ എഐഎംഐഎം, ഇത്തവണ ടി ആർ എസ് അഥവാ ഭാരത് രാഷ്ട്ര സമിതിയുമായി കൈകോർത്താണ് മത്സരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ