ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.

തീയതികൾ ഇങ്ങനെ

മിസോറാമിൽ തിരഞ്ഞെടുപ്പ് നവംബർ 7ന്.

രാജസ്ഥാനിൽ നവംബർ 23 നാണ് വോട്ടെടുപ്പ്.

മധ്യപ്രദേശിൽ നവംബർ 17 ന് വോട്ടെടുപ്പ്.

ഛത്തീസ് ഗഡിൽ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ 7 നും 17 നും.

തെലങ്കാനയിൽ നവംബർ 30 ന് വോട്ടെടുപ്പ്.

ഡിസംബർ 3 നാണ് വോട്ടെണ്ണൽ.

40 ദിവസത്തിനകം, അഞ്ചു സംസ്ഥാനങ്ങളും സന്ദർശിച്ച് രാഷ്ട്രീയ കക്ഷികളുമായും, കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുമായും ചർച്ച ചെയ്‌തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക.

അഞ്ച് സംസ്ഥാനങ്ങളിലായി 679 അസംബ്ലി മണ്ഡലങ്ങളിൽ, 1.77 ലക്ഷം പോളിങ് സ്‌റ്റേഷനുകൾ സജ്ജമാക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

18-19 പ്രായപരിധിയിലുള്ള 60.2 ലക്ഷം ആദ്യവട്ട വോട്ടർമാർ അഞ്ചുസംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകും.യുവാക്കൾക്ക് പ്രചോദനമാകാൻ 2900 പോളിങ് സ്‌റ്റേഷനുകളുടെ നടത്തിപ്പ് ചുമതല യുവാക്കൾക്ക് നൽകും.

അനധികൃത പണം, മദ്യം, മയക്കുമരുന്ന്, സൗജന്യങ്ങൾ, എന്നിവ അതിർത്തി കടന്ന് കടത്താതിരിക്കാൻ, 940 അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകൾ അഞ്ചുസംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും, വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം. സംസ്ഥാനങ്ങളിലെ അതിർത്തികളിൽ കർശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാൻ കർശന പരിശോധന ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം തിങ്കളാഴ്ച ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് കോൺഗ്രസ് തീരുമാനം. അധികാരത്തിലെത്തിയാൽ ഛത്തീസ്‌ഗഡിലും, മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി നേരത്തെ പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ ജാതി സർവേക്ക് ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.