കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് വോട്ടൈടുപ്പ്. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

ബംഗാളിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്‌ഗഡിലുണ്ടായ സ്‌ഫോടനത്തിൽ, സി ആർ പി എഫ് ജവാന് ഗുരുതര പരിക്കേറ്റു. മവോയിസ്റ്റ് ഭീഷണിയുള്ള ബസ്തർ ലോക്‌സബാ സീറ്റിൽ ബിജാപൂർ ജില്ലയിലെ പോളിങ് ബൂത്തിന് 500 മീറ്റർ അകലെ വച്ചാണ് സ്‌ഫോടനമുണ്ടായത്.

ബംഗാളിലെ ചന്ദമാരിയിൽ വോട്ടർമാരെ തടസ്സപ്പെടുത്താൻ ടി എം സി പ്രവർത്തകർ കല്ലെറിഞ്ഞെന്ന് ബിജെപി ആരോപിച്ചു. അതേസമയം, ബെഗാർകട്ടയിൽ ബിജെപി വോട്ട് ചെയ്യുന്നത് തടയാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി തൃണമൂലും ആരോപിച്ചു. കുച്ച് ബിഹാർ മണ്ഡലത്തിലെ അക്രമത്തെ ചൊല്ലി ടിഎംസിയും, ബിജെപിയും രാവിലെ 10 മണിയോടെ തന്നെ ഒരുഡസനോളം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി.

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. താൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണെന്ന് നാഗ്പൂരിൽ നിതിൻ ഗഡ്കരി പറഞ്ഞു. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം ജയിക്കുമെന്ന് തൂത്തുക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡിഎംകെയുടെ കനിമൊഴി പറഞ്ഞു.

തമിഴ്‌നാട്ടിൽ വിവിധ മണ്ഡലങ്ങളിൽ സെലിബ്രിറ്റികളും വോട്ട് രേഖപ്പെടുത്തി. സൂപ്പർസ്റ്റാർ രജനികാന്തും കമൽഹാസനും, ചെന്നൈയിലെ അതത് പോളിങ് ബൂത്തിൽ എത്തി വോട്ട് ചെയ്തു. നടൻ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്‌കൂളിൽ ഡ്യൂട്ടി നിർവഹിച്ചു. കിൽപ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് രേഖപ്പെടുത്തിയത്.

സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോളിങ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആരാധകർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അഭിനേതാക്കളായ അജിത് കുമാർ, ശിവകാർത്തികേയൻ, ഗൗതം കാർത്തിക്, സംവിധായകരായ സുന്ദർ സി, വെട്രി മാരൻ, ശശികുമാർ എന്നിവരും വോട്ട് ചെയ്തു.

അരുണാചൽപ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്‌ഗഢ്, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.