- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി ടി.എൻ.പ്രതാപൻ
തൃശ്ശൂർ: കോൺഗ്രസ് സ്ഥനാർഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരിൽ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എംപി. ടി.എൻ.പ്രതാപൻ. വടകര എംപിയായിരുന്ന മുരളീധരൻ തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാർട്ടി പ്രഖ്യാപനത്തിന് മുൻപ് തന്നെ പ്രതാപൻ മുരളീധരന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപൻ വ്യക്തമാക്കുകയും ചെയ്തു.
തൃശ്ശൂരിലെ സിറ്റിങ് എംപിയായ പ്രതാപൻ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രതാപൻ തൃശ്ശൂരിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശ്ശൂർ ഡിസിസി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഷാഫി പറമ്പിലിനും വടകയിൽ മത്സരിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. മുരളീധരന്റെയും പ്രതാപന്റെയും അതൃപ്തികൾ തീർക്കാൻ ഡൽഹിയിലും ചർച്ചകൾ നടക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കോൺഗ്രസ് നേതാക്കളുടെ യോഗം ആരംഭിച്ചു. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വീട്ടിലാണ് യോഗം ചേർന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കുന്നു. ഉച്ചയോടെ ഉണ്ടാകുമെന്ന് കരുതിയ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന അവസ്ഥയാണ് ഉള്ളചത്.
അതേസമയം പാർട്ടി തീരുമാനം ഉച്ചയോടെ ഉണ്ടാകുമെന്നും അത് അംഗീകരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. വടകരയിൽ പുതിയ സ്ഥാനാർത്ഥി വന്നാലും കൺവെൻഷന് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. വടകരയിൽ സ്ഥാനാർത്ഥിയാകുന്നതിൽ ഷാഫി പറമ്പിലിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. അടുത്ത നേതാക്കളോടെ ഇക്കാര്യം പറഞ്ഞതായാണ് വിവരം. എന്നാൽ പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് ഷാഫി പറഞ്ഞതായാണ് റിപ്പോർട്ട്.
തൃശ്ശൂരിൽ നിന്നും പ്രതാപൻ മാറുമ്പോൾ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായാണ് വിവരം. സ്ഥാനാർത്ഥി നിർണയത്തിന് മുൻപായി കോൺഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപൻ പറഞ്ഞു. കാൺഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തൃശ്ശൂരിലെ സ്ഥാനാർത്ഥി മാറ്റം എന്നതും ശ്രദ്ധേയമാണ്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കെ.മുരളീധരനിലൂടെ മറുപടി നൽകാനാണ് കോൺഗ്രസിന്റെ തയ്യാറെടുപ്പ്.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥി ആരെന്നത് വിഷയമല്ലെന്ന് കെകെ രമ എംഎൽഎയും വ്യക്തമാക്കി. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ച. മുരളീധരൻ തൃശ്ശൂരിലേക്ക് പോവുകയാണെങ്കിൽ ബിജെപിക്ക് അത് ശക്തമായ മറുപടിയാണെന്നും കെകെ രമ പ്രതികരിച്ചു.
സുരേഷ് ഗോപിക്കെതിരെ മികച്ച വിജയം നേടാൻ മുരളിക്ക് കഴിയും. വടകരയിൽ ഷാഫി എത്തിയാലും മികച്ച പോരാട്ടമായിരിക്കും. പിണറായിക്കെതിരെ വിരൽ ചൂണ്ടി ചോദ്യങ്ങൾ ചോദിക്കുന്ന നേതാവാണ് ഷാഫി. പാർലമെന്റിലും മോദിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ തന്റേടം ഉള്ളയാളാണ് ഷാഫി. മുരളീധരൻ ആർഎംപിയെ എന്നും ചേർത്തുപിടിച്ച നേതാവാണ്. സിപിഎം കെകെ ശൈലജയെ വടകരയിൽ കരുവാക്കുക ആയിരുന്നുവെന്നും കെകെ രമ പറഞ്ഞു.