- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി മുന്നേറും
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയുടെ അവകാശവാദങ്ങൾ ശരിവച്ച് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ബിജെപി താരതമ്യേന ദുർബലമായ ദക്ഷിണേന്ത്യയിലും, കിഴക്കൻ സംസ്ഥാനങ്ങളിലും വോട്ടുവിഹിതം വർദ്ധിപ്പിക്കുമെന്നും സീറ്റെണ്ണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി ടി ഐയുടെ എഡിറ്റർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയോ, നരേന്ദ്ര മോദിയോ അജയ്യരല്ല. ബിജെപിയുടെ തേരോട്ടം തടയാൻ പ്രതിപക്ഷത്തിന് മൂന്നു വ്യക്തമായ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ അലസതയും, തെറ്റായ തന്ത്രങ്ങളും കാരണം അതുകളഞ്ഞുകുളിച്ചു.
തെലങ്കാനയിൽ ബിജെപി ഒന്നാമത്തെയോ, രണ്ടാമത്തെയോ വലിയ പാർട്ടിയായി മാറും. ഒഡിഷയിൽ, തീർച്ചയായും ഒന്നാം നമ്പറായിരിക്കും. പശ്ചിമബംഗാളിൽ ബിജെപി ഒന്നാം നമ്പർ പാർട്ടിയാകും എന്നുകേട്ടാൽ നിങ്ങൾ അദ്ഭുതപ്പെടും, പ്രശാന്ത് കിഷോർ പറഞ്ഞു. തമിഴ്‌നാട്ടിൽ, ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടയക്ക ശതമാനത്തിൽ എത്താം.
543 അംഗ ലോകസ്ഭയിൽ, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബിഹാർ, കേരള സംസ്ഥാനങ്ങൾ ഒരുമിച്ചെടുത്താൽ 204 സീറ്റുണ്ട്. 2014 ലോ, 2019 ലോ ബിജെപിക്ക് ഈ സംസ്ഥാനങ്ങളിലായി 50 സീറ്റ് കടക്കാനായില്ല. 29, 47 എന്നിങ്ങനെയായിരുന്നു 2014, 2019 തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സീറ്റെണ്ണം.
370 സീറ്റ് കിട്ടാൻ സാധ്യതയില്ല
ബിജെപി തനിച്ച് ലക്ഷ്യം വയ്ക്കുന്ന 370 സീറ്റ് കിട്ടാനിടയില്ല. ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞടുപ്പിനൊപ്പം നടക്കുകയാണ്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി തിരിച്ചുവരിക വിഷമകരമാകും. 2019 ൽ പ്രശാന്ത് കിഷോർ വൈഎസ്ആർ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും, തെലുങ്കുദേശം പാർട്ടിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
വടക്കേന്ത്യയിലും, പശ്ചിമേന്ത്യയിലും ബിജെപിക്ക് 100 ഓളം സീറ്റുകൾ നഷ്ടപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ മാത്രമേ, പ്രതിപക്ഷത്തിന് ബിജെപിയെ വിയർപ്പിക്കാൻ കഴിയു. എന്നാൽ, അത് സംഭവിക്കാൻ പോകുന്നില്ല, പ്രശാന്ത് കിഷോർ പറഞ്ഞു. ദക്ഷിണേന്ത്യയിലും, കിഴക്കൻ സംസ്ഥാനങ്ങളിലും, പാർട്ടിയെ വിപുലമാക്കാൻ മോദിയും, അമിത് ഷായും അടക്കമുള്ള ഉന്നത നേതാക്കൾ അടിക്കടി ഈ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷമാകട്ടെ, ഈ സംസ്ഥാനങ്ങളിൽ കാര്യമൊയ ഒരു പ്രയത്‌നവും നടത്തിയില്ല. തമിഴ്‌നാട്ടിൽ, മോദി നടത്തിയ സന്ദർശനങ്ങളുടെ എണ്ണവും, രാഹുലോ സോണിയയോ മറ്റു പ്രതിപക്ഷ നേതാക്കളോ മുഖ്യപോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെ എണ്ണവും തട്ടിച്ചുനോക്കൂ. നിങ്ങളുടെ പോരാട്ടം യുപിയിലും, ബിഹാറിലും മധ്യപ്രദേശിലുമാണ്. പക്ഷേ നിങ്ങൾ പോകുന്നത് മണിപ്പൂരിലും മേഘാലയിലുമാണ്. പിന്നെ എങ്ങനെ നിങ്ങൾ വിജയിക്കും? രാഹുലിനൈയും, ഭാരത് ജോഡോ ന്യായ് യാത്രയെയും പരിഹസിച്ച് പ്രശാന്ത് കിഷോർ ചോദിച്ചു.
' വയനാട്ടിൽ നിന്ന് നിങ്ങൾ ജയിച്ചാലും, യുപിയിലും, ബിഹാറിലും, മധ്യപ്രദേശിലും ജയിക്കാതെ പ്രയോജനം കിട്ടില്ല. അമേഠിയിൽ മത്സരിക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകും. 2014 ൽ ഗുജറാത്തിന് പുറമേ യുപിയിൽ കൂടി മോദി മത്സരിച്ചത് ഹിന്ദി ഹൃദയ ഭൂമിയുടെ മനസ് കീഴടക്കാതെ നിങ്ങൾക്ക് ഇന്ത്യ ജയിക്കാൻ കഴിയില്ലെന്നതുകൊണ്ടാണ്. ഇന്ത്യ സഖ്യം എന്ന നിലയിൽ ബിജെപിക്ക് എതിരെ മത്സരിക്കുന്നതും നേട്ടമുണ്ടാക്കില്ല. 350 ഓളം സീറ്റുകളിൽ ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള പോരാട്ടമായതാണ് കാരണം. തങ്ങളുടെ തന്നെ ശക്തികേന്ദ്രങ്ങളിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ ജെ ഡി. എൻ സി പി, തൃണമൂൽ കഴിയാത്തതുകൊണ്ടാണ് ബിജെപി ജയം തുടരുന്നത്. അവർക്കൊരു മുഖമോ, അജണ്ടയോ ഇല്ല', പ്രശാന്ത് കിഷോർ പറഞ്ഞു.
മൂന്നാം വട്ടവും ബിജെപി ജയിച്ചാൽ...
മൂന്നാം വട്ടം അധികാരത്തിലേറുന്നതോടെ, ദീർഘകാലത്തേക്ക് ബിജെപി ആധിപത്യത്തിന് വഴി തെളിക്കുമെന്ന ആശങ്ക പ്രശാന്ത് തള്ളിക്കളഞ്ഞു. 1984 ലെ വൻ വിജയത്തിന് ശേഷമാണ് കോൺഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2014 ന് ശേഷം ബിജെപി പിന്നോക്കം പോയ സമയത്തും അതുമുതലെടുക്കാൻ പ്രതിപക്ഷത്തിന് വിശേഷിച്ചും കോൺഗ്രസിന് കഴിഞ്ഞില്ല. 2025 ലും 2016 ലും നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ ഒഴികെ നിരവധി സീറ്റുകൾ ബിജെപിക്ക് നഷ്ടമായിട്ടും, പാർട്ടിക്ക് തിരിച്ചുവരാൻ പ്രതിപക്ഷം സ്ഥലം അനുവദിച്ചുകൊടുത്തു.
നോട്ടുനിരോധനത്തിന് ശേഷം ബിജെപി ഗുജറാത്തിൽ അധികാരം നഷ്ടപ്പെടുന്നതിന് അടുത്തുവരെ എത്തി. 2018 ൽ നിരവധി സംസ്ഥാനങ്ങളിൽ തോറ്റു. പക്ഷേ, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ മണ്ടത്തരം കാണിച്ചു. 2020 ൽ കോവിഡ് മഹാമാരിക്ക് ശേഷം മോദിയുടെ പ്രഭാവത്തിന് മങ്ങൽ ഏൽക്കുകയും ബംഗാളിൽ വലിയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ഈ സന്ദർഭം മുതലാക്കി ബിജെപിക്ക് വെല്ലുവിളി ഉയർത്താതെ വീട്ടിലിരുന്ന പ്രതിപക്ഷ നേതാക്കൾ മോദിയുടെ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കി കൊടുത്തു, പ്രശാന്ത് കിഷോർ പറഞ്ഞു. ക്യാച്ചുകൾ തുടർച്ചയായി പാഴാക്കിയാൽ എതിരാളി നല്ല ബാറ്ററാണെങ്കിൽ സെഞ്ചുറിയടിക്കും, അദ്ദേഹം പറഞ്ഞു.
ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ, രാഹുൽ ഗാന്ധി വഴി മാറി കൊടുക്കണമെന്നും, ഒരു ഇടവേള എടുക്കണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചു.