കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചകൾ പുറത്തു വരുമ്പോൽ യുഡിഎഫ് നീങ്ങുന്നത് വൻ വിജയത്തിലേക്കെന്ന് വ്യക്തം. ആ നിലയ്ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡുകൾ എടുത്തിരിക്കുന്നത്. ആദ്യ റൗണ്ട് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ് തവണ ഉമ്മൻ ചാണ്ടി ആദ്യ റൗണ്ടിൽ നേടിയതിന്റെ രണ്ടിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മൻ നേടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി വികാരം മണ്ഡലത്തിൽ ആഞ്ഞടിച്ചു എന്ന ട്രെന്റ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കുതിപ്പ്.

പോസ്റ്റൽ വോട്ടുകൽ തരംതിരിച്ചു വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് നേടി. പോസ്റ്റൽ വോട്ടുകളിൽ പത്ത് വോട്ടുകൾ എണ്ണിയപ്പോൾ ഏഴു വോട്ടുകൾ നേടി ചാണ്ടി ഉമ്മൻ മുന്നിലെത്തി. പിന്നാലെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും ചാണ്ടി ലീഡ് ആവർത്തിച്ചു. അസന്നിഹിത വോട്ടുകളിലു മുമ്പിലെത്തി ചാണ്ടി ഉമ്മൻ പിന്നാലെ ഇലക്ടോണിക് വോട്ടുകൾ എണ്ണിത്തുങ്ങിയപ്പോഴും കുതിപ്പു തുടരുകയാണ്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോഴും കുതിപ്പു തുടരുകയായിരുന്നു. ആദ്യം എണ്ണുന്നത് അയർകുന്നം പഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടുകളാണ്. ഇവിടെയും ചാണ്ടി ഉമ്മൻ മുന്നിൽ നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്. മണ്ഡലത്തിൽ വമ്പൻ കുതിപ്പു തന്നെയാണ് ചാണ്ടി ഉമ്മൻ പ്രതീക്ഷിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് ചാണ്ടി കുതിക്കുമെന്നത് ഉറപ്പിലാണ്.

അതേസമയം വോട്ടെണ്ണൽ നടപടികളിലേക്കുള്ള തുടക്കം ആശയക്കുഴപ്പങ്ങളോടെയയായിരുന്നു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറക്കുന്ന മുറിയുടെ താക്കോലുകൾ മാറിപ്പോയതോടെ വോട്ടെണ്ണൽ സമയം വൈകി. ഇതോടെ സമയം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

അതേസമയം വോട്ടെണ്ണൽ തുടങ്ങുന്നത് മുമ്പ് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിയിയിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. കൗണ്ടിങ് സെന്റിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിട്ടുണ്ട്. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനോ അതോ രണ്ട് തവണ അദ്ദേഹത്തോട് പരാജയപ്പെട്ട ജെയ്ക് സി. തോമസോ വരുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും, ഒരുമേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഒന്നുമുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.

പുതുപ്പള്ളിയെ കൂടാതെ മറ്റു ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. ഝാർഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ മണ്ഡലങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്. തൽസമയ ഫലം എത്തിക്കാൻ വിപുലമായ ഒരുക്കങ്ങൾ മറുനാടനും ചെയ്തിട്ടുണ്ട്. മറുനാടൻ ടിവിയിലും തൽസമയ വിശകലനവും ഫലവും ലഭ്യമാകും.

25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് ഐക്യമുന്നണി ക്യാമ്പിന്റെ വിലയിരുത്തൽ. 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപി.യും പ്രതീക്ഷിക്കുന്നു. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.