തിരുവനന്തപുരം: ഇനി കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്. ഉമ്മൻ ചാണ്ടി തരംഗം ആഞ്ഞടിക്കുന്ന വോട്ടെടുപ്പാണ് ഏവരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിനായി മത്സരിക്കുന്ന ചാണ്ടി ഉമ്മൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മത്സരത്തെ രാഷ്ട്രീയമാക്കാൻ സിപിഎം ആരെ സ്ഥാനാർത്ഥിയാക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സിപിഎമ്മും ബിജെപിയും അപ്രധാനികളെ മത്സരിപ്പിക്കുമെന്ന സൂചനയുമുണ്ട്. ഗണപതി വിവാദം ആളിക്കത്തുമ്പോഴാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് വരുന്നത്. ഇതും നിർണ്ണായകമായി മാറും. കോൺഗ്രസ് ഐക്യത്തോടെ പ്രചരണത്തിൽ സജീവമാകും. സിപിഎമ്മും ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ബിജെപിയും പരമാവധി വോട്ടുകളാണ് ആഗ്രഹിക്കുന്നത്.

53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്‌ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്. അതേസമയം, വൻ ഭൂരിപക്ഷത്തോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. ബിജെപിയും മുൻ നിര നേതാവിനെ നിർത്താനുള്ള സാധ്യതയില്ല. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിക്കായി മത്സരിക്കാനുള്ള സാധ്യത കുറവാണ്. പരമാവധി വോട്ട് നേടാൻ കഴിയുന്ന അപ്രതീക്ഷിത മുഖം ബിജെപിക്കായി മത്സരിക്കാനെത്താനുള്ള സാധ്യത ഏറെയാണ്.

ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ നേരിയ അങ്കലാപ്പ് നേതാക്കൾക്കുണ്ടായിട്ടുണ്ട്. ഈ വർഷം നാല് സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പുണ്ട്. അതിനൊപ്പമാണ് ഏവരും പുതുപ്പള്ളിയിലേയും വോട്ടെടുപ്പും പ്രതീക്ഷിച്ചത്. ഇതിനിടെയാണ് തീയതി പ്രഖ്യാപിച്ചത്. വിശ്വാസരാഷ്ട്രീയത്തിന്റെ മുനകൂർപ്പിച്ച് ബിജെപി. രംഗത്തിറങ്ങിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉമ്മൻ ചാണ്ടിയെന്ന വികാരവും സർക്കാരിനെതിരേ ഉയർത്തുന്ന ആരോപണങ്ങളുമാണ് യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങൾ. ഇതിൽ ഉമ്മൻ ചാണ്ടിയെന്ന വികാരം പുതുപ്പള്ളിയിൽ നിറഞ്ഞു നിൽക്കുകയാണ്. തൃക്കാക്കര മോഡലാകും കോൺഗ്രസിന്റെ പ്രചരണം.

പുതുപ്പള്ളിയിൽ മത്സരിക്കുക മകനെങ്കിലും വോട്ട് ചോദിക്കുക അച്ഛന്റെ പേരിലാകുമെന്നാണ് കോൺഗ്രസ് നൽകുന്ന സൂചന. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വികാരം ചാണ്ടി ഉമ്മന് റിക്കോർഡ് ഭൂരിപക്ഷം നൽകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പാലായ്ക്ക് സമാനമായ അത്ഭുതത്തിന് ഓസിയുടെ മണ്ണിൽ സാധ്യത കുറവാണെന്ന് അവർ പ്രതീക്ഷിക്കുന്നു. ജെയ്ക്കിനെ സിപിഎം മത്സരിപ്പിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.

പി.ടി. തോമസിന്റെ മരണത്തെത്തുടർന്നുനടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പുലർത്തിയ ജാഗ്രതയും ഐക്യവും പുതുപ്പള്ളിയിലേക്കും യു.ഡി.എഫ്. കൊണ്ടു വരും. വിലക്കയറ്റം, നികുതിഭാരം തുടങ്ങി പൊലീസിന്റെ വീഴ്ചവരെയുള്ളവ സർക്കാരിന്റെ കുറ്റപത്രമാക്കി അവതരിപ്പിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എല്ലാം ഏകോപിപ്പിക്കും. ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിച്ചകാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചത് അതിവേഗതയിലാണ്.

ബുധനാഴ്ചമുതൽ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്തുണ്ടാകുമെന്ന് കെപിസിസി. അധ്യക്ഷൻ വ്യക്തമാക്കി. പ്രചാരണത്തിന് വലിയസംഘത്തെ അടുത്തദിവസംതന്നെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായ ഘട്ടത്തിലെത്തിയ തിരഞ്ഞെടുപ്പ് ജനപ്രിയപ്രഖ്യാപനങ്ങളൊന്നും നടത്താനാകാത്ത സാഹചര്യം ഇടുതു സർക്കാനുണ്ടാക്കി. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫിനൊപ്പമാണ്. വികസനം ചർച്ചയാക്കി വോട്ട് പിടിക്കാനാണ് നീക്കം. സ്വാധീനം ഉറപ്പാക്കുകയാണ് പുതുപ്പള്ളിയിൽ ബിജെപി.യുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ഈ മാസം 24 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നാലെ ഓണവുമാണ്. അതിനാൽ, പ്രചാരണത്തിന് വേണ്ടത്ര സമയം ഉറപ്പാക്കണം. അതുകൊണ്ട് സഭാ സമ്മേളനം വെട്ടികുറയ്ക്കും.