കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയെ പുണ്യാളനും വിശുദ്ധനുമായി ചിത്രീകരിക്കാൻ നടക്കുന്ന ശ്രമങ്ങളെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രതിരോധിക്കും.

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് പുതുപ്പള്ളി. കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കും. എൽ.ഡി.എഫും ബിജെപിയും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎ‍ൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹവും ബഹുമാനവും സഹതാപതരംഗവും തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമാവും എന്ന് പുതുപ്പള്ളിയിലെ ഒരു വിഭാഗം വോട്ടർമാർ പറയുന്നു. ഇതിനിടെയാണ് സിപിഎം പുതിയ വിഷയങ്ങൾ ചർച്ചകളിലേക്ക് കൊണ്ടു വരുന്നത്.

മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും വാസവൻ പറയുന്നു. മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തിൽ യുഡിഎഫ് ചെയർമാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ നീക്കം. സഭയും ഇതിന് അനുകൂലമായി പ്രതികരിച്ചു. ഇതോടെ ഉമ്മൻ ചാണ്ടി വിശുദ്ധനാകുമെന്ന തരത്തിൽ ചർച്ച എത്തി.

ഇങ്ങനെയുള്ള ചർച്ചകൾ യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സിപിഎം പ്രഖ്യാപനം. ഒരാളെ വിശുദ്ധൻ എന്ന് വിളിക്കുന്നത് എങ്ങനെ മതപരമാകും എന്നതും ഉയരുന്ന ചോദ്യമാണ്. സോളാർ കേസിൽ അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം ചർച്ചയാക്കാനാണ് വിശുദ്ധൻ എന്ന വാക്ക് കോൺഗ്രസ് ഉപയോഗിക്കുന്നത്. സിപിഎം എന്തു പറഞ്ഞാലും അത് തുടരുമെന്നാണ് കോൺഗ്രസ് നൽകുന്ന സൂചന. കോൺഗ്രസിൽ നിന്ന് തന്നെ ഒരാളെ കണ്ടെത്തി ഇടതു സ്ഥാനാർത്ഥിയാക്കാനും സിപിഎം ശ്രമിച്ചു. ഇതിനായി ഒരാളെ മനസ്സിൽ കണ്ടു. ഈ നേതാവ് അതിന് തയ്യാറായില്ല. പിന്നാലെയാണ് വിശുദ്ധനിൽ മന്ത്രി വാസവന്റെ പ്രഖ്യാപനം.

പുതുപ്പള്ളിയിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ അതൃപ്തനായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ കോൺഗ്രസ് നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതല്ല, എന്നാൽ സ്ഥാനാർത്ഥികളെ പരിഗണിച്ചപ്പോൾ സ്ഥാനത്തേക്ക് പരിഗണിക്കാൻ അർഹതയുള്ള നേതാക്കളായ തങ്ങളെയൊന്നും എവിടെയും പരാമർശിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം.

ഇടത് നീക്കം തുടക്കത്തിലേ പാളിയെങ്കിലും പുതുപ്പള്ളിയിൽ പോര് കടുക്കുമെന്നത് വ്യക്തമാക്കുന്നതാണ് വിശുദ്ധനിലെ സിപിഎം നിലപാട്. എല്ലാ കോൺഗ്രസ് നേതാക്കളുടെ പ്രസംഗവും സിപിഎം നീരീക്ഷിക്കും. എല്ലാം അതീവ രഹസ്യമായി റിക്കോർഡ് ചെയ്യാനും സംവിധാനമുണ്ടാകും. പരിശുദ്ധൻ, വിശുദ്ധൻ, പുണ്യാളൻ തുടങ്ങിയ പദങ്ങൾ പ്രസംഗത്തിൽ ആരെങ്കിലും ഉയർത്തിയാൽ അത് പരാതിയായി ഉന്നയിക്കും. മതപരമായ മുതലെടുപ്പ് നടത്തുന്നുവെന്ന് ആരോപിക്കും. പുതുപ്പള്ളിയിൽ എല്ലാ സാധ്യതയും സിപിഎം തേടുമെന്നതിന്റെ സൂചനയാണ് ഇത്.

പ്രചാരണ രംഗത്ത് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബൂത്ത് കമ്മറ്റികളിൽ നേരിട്ടെത്തി പ്രവർത്തകരെ കാണുന്ന തിരക്കിലാണ്. വരും ദിവസങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കും. നിലവിൽ യുഡിഎഫ് പ്രഖ്യാപിച്ച മറ്റു പരിപാടികൾ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവെച്ചിട്ടുണ്ട്.

അതേ സമയം, ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെക്കുള്ള ജനപ്രവാഹം തുടരുകയാണ്. ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കാൻ ആകുമെന്ന് പ്രതീക്ഷയാണ് യൂഡിഎഫ് ക്യാമ്പ് പങ്കുവെക്കുന്നത്.