തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ സിപിഎം. ഉമ്മൻ ചാണ്ടിക്ക് ചികിൽസ നിഷേധിക്കുന്നതിൽ കുടുംബത്തിലെ ചിലർ നിലപാട് എടുത്തു. ഇതിനെ കുടുംബത്തിലുള്ളവർ തന്നെ എതിർത്തിരുന്നു. ഇക്കാര്യത്തിൽ തെളിവുകൾ സർക്കാരിന്റെ കൈയിലുണ്ടെന്നും സിപിഎം നേതാവ് അനിൽ കുമാർ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ മറുനാടൻ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബംഗ്ലൂരുവിലേക്ക് ചികിൽസയ്ക്ക് കൊണ്ടു പോയത്. അതുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ മറുനാടനെതിരെ വ്യാജ പ്രചരണം നടത്തി. എന്നാൽ മറുനാടൻ പറഞ്ഞതിലെ വസ്തുതകൾ സിപിഎമ്മും ഒടുവിൽ തിരിച്ചറിയുകാണ്.

ഉമ്മൻ ചാണ്ടിയുടെ ചികിൽസയിൽ പിഴവുണ്ടെന്ന് ആരോപിച്ചത് ഉമ്മൻ ചാണ്ടിയുടെ അടുത്ത ബന്ധുക്കളാണ്. അതാണ് മറുനാടനും വാർത്തയാക്കിയത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം പുതുപ്പള്ളിയിൽ വലിയ വികാരം ഉയർന്നു. ചാണ്ടി ഉമ്മന് അനുകൂലമായി അത് മാറുകയും ചെയ്തു. ഇതോടെയാണ് സിപിഎമ്മും ചികിൽസാ വിവാദം ചർച്ചയാക്കുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിക്കണമെന്നാണ് സിപിഎം നേതാവ് അനിൽ കുമാറിന്റെ ആവശ്യം. ഇതിന് ശേഷം വേണമെങ്കിൽ രേഖകൾ പുറത്തു വിടാമെന്നാണ് സിപിഎം നേതാവിന്റെ നിലപാട്. പരാതിയുള്ള കുടുംബാംഗങ്ങൾ ഇപ്പോഴും പുതുപ്പള്ളിയിലുണ്ടെന്നും എല്ലാം പൊതു മണ്ഡലത്തിലുള്ളതാണെന്നും അനിൽകുമാർ പറയുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അനിൽകുമാർ തന്നെയാണ് ഈ വിഷയം ചർച്ചയാക്കിയത്. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി കൂടുതൽ പ്രതികരണം നടത്തി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട് ചില പരാതികൾ കിട്ടിയിരുന്നു. ഇത് ചർച്ചയാക്കി പുതുപ്പള്ളിയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. കോൺഗ്രസിനുള്ളിൽ നിന്നുള്ള സ്ഥാനാർത്ഥിയെ വിമതനായി അവതരിപ്പിക്കുന്നത് ഉൾപ്പെടെ ചർച്ചകളിലുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരു സ്ഥാനാർത്ഥിയേയും സിപിഎം മനസ്സിൽ കാണുന്നുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് ചികിൽസ ചർച്ചയാക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ സഹതാപ തരംഗത്തെ സിപിഎം ഭയക്കുന്നുണ്ട്. അത് ആഞ്ഞടിച്ചാൽ വോട്ടു കുറയുമെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹതാപമെന്ന അജണ്ട മാറ്റാനായി സിപിഎം തന്ത്രങ്ങളുമായി എത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ ചികിൽസാ നിഷേധം ചർച്ചയാക്കുന്നതോടെ സഹതാപം തകരുമെന്നാണ് വിലയിരുത്തൽ. എന്നാൽ അനാവശ്യ വിവാദങ്ങളിൽ കോൺഗ്രസ് പ്രതികരിക്കില്ല. എല്ലാം വോട്ടർമാർ നിശ്ചയിക്കുമെന്ന മറുപടിയിൽ വിവാദം ചുരുക്കും. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളൊന്നും ഇടതുപക്ഷത്ത് എത്തുന്നില്ലെന്ന് ഉറപ്പിക്കാനും കോൺഗ്രസ് ശ്രമിക്കും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കാനൊരുങ്ങി സിപിഎം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ. അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തത്തിൽ വി.ഡി.സതീശനും പങ്കുണ്ടെന്നും അനിൽ കുമാർ എഫ് ബി പോസ്റ്റിൽ പറയുന്നു. നേരത്തെ, ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന പരാമർശത്തിൽ പ്രതികരണവുമായി അനിൽകുമാർ രം?ഗത്തെത്തിയിരുന്നു. അയോധ്യ ആവർത്തിക്കുകയാണോ എന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം.

താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള 'സ്‌നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ ..പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്. -അഡ്വ.' കെ.അനിൽകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.