കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറുമണിവരെ രാഷ്ട്രീയപാർട്ടികൾക്ക് പ്രചാരണം നടത്താം. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയിൽ നടക്കും. വൻ ഭൂരിപക്ഷം യുഡിഎഫ് ലക്ഷ്യമിടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മുപ്പതിനായിരത്തിന് മുകളിലാണ് കോൺഗ്രസ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ഇടതു പക്ഷം ഇത്തരം കണക്കുകളൊന്നും പറയുന്നില്ല.

നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന് നടക്കും. അതിശക്തമായ പ്രചരണമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. കോൺഗ്രസും സിപിഎമ്മും ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ്. മണ്ഡലത്തിൽ കരുത്ത് അറിയിക്കുക ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉമ്മൻ ചാണ്ടി തരംഗം ആഞ്ഞു വീശുമെന്നാണ് കോൺഗ്രസ് പ്ര്തീക്ഷ.

ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇടതുമുന്നണി സിപിഎം നേതാവ് ജെയ്ക് സി തോമസിനെ രംഗത്തിറക്കിയപ്പോൾ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആണ് എൻഡിഎ സ്ഥാനാർത്ഥി. പ്രചരണത്തിന്റെ അവസാന ദിവസം പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്റെ തലേന്നും അവസാനമുണ്ടായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും സൈബർ കൂട്ടങ്ങൾ വെറുതെ വിടുന്നില്ല. സൈബർ ആക്രമണങ്ങളിൽ ജെയ്ക്കിന്റെ ഭാര്യ ഗീതു ഇന്നലെ പരാതി നൽകി. ജെയ്ക്കിന് വേണ്ടി അയൽവാസികളോട് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോൺഗ്രസ് അനുകൂല സൈബർ പോരാളികൾ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്. ട്രോളുകൾ കൂടിയതോടെ കോട്ടയം എസ് പിക്ക് ഗീതു തോമസ് പരാതി നൽകി. ജയ്ക്ക് സി തോമസ് സൈബർ പരിഹാസങ്ങൾക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗീതു പരാതി നൽകിയത്

ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുകയാണ്. രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മൻ പറയുമ്പോഴും കോൺഗ്രസ് നേതാക്കളുടെ ഫോൺ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. അങ്ങനെ ഇതും അവസാന ഘട്ടത്തിൽ പുതുപ്പള്ളിയിൽ ചർച്ചയാകുകയാണ്.