പുതുപ്പള്ളി: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി പേടിയിൽ സിപിഎം. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മണ്ഡലത്തിൽ പലസ്ഥലത്തും സ്ഥാപിച്ച ഫ്ളെക്‌സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി സിപിഎം. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരുഘടകമായി ഇത്തരം ഫ്ളെക്സ് ബോർഡുകൾ മാറും എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കില്ലെന്ന് സിപിഎം പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ വാക്‌പോര് സജീവമാക്കി മുന്നണികൾ നിറയുകയാണ്.

'ഫ്‌ളക്‌സിനെ പോലും ഭയന്നാൽ എന്ത് ചെയ്യും. തിരഞ്ഞെടുപ്പിന് വെച്ചതല്ലാല്ലോ. പിതാവ് മരിച്ചപ്പോൾ രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടിക്കാരും വെച്ചതാണ്'- യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ചാണ്ടി ഉമ്മൻ അനുകരിക്കുകയാണെന്ന വാദവും ചർച്ചയിലുണ്ട്. മുടി ചീകാത്തതും ഇടപെടലുകളുമെല്ലാം ഉമ്മൻ ചാണ്ടിയെ അനുകരിക്കലാണെന്ന് സിപിഎം സൈബർ സഖാക്കൾ പറയുന്നു. വികസനം ചർച്ചയാക്കുമെന്നാണ് ഇവരുടെ വാദം. അതിനിടെ അപ്പയെ താൻ അനുകരിക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത കാര്യങ്ങൾ ജീവിതത്തിൽ കൊണ്ടു വരാൻ ശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു.

പള്ളി തർക്കവും പുതുപ്പള്ളിയിൽ ചർച്ചയാകുമെന്ന് സൂചനയുണ്ട്. അഥിനിടെ പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം വിഗോവിന്ദൻ പ്രതികരിച്ചു. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്ന് എം വിഗോവിന്ദൻ പറഞ്ഞു. ഓർത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവർത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും തിരിച്ചറിയണം യോജിച്ച് മുന്നോട്ട് പോകണം. സർക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പള്ളികൾ നിയമപരമായി ഓർത്തഡോക്‌സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യം. സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് എം വിഗോവിന്ദൻ പറഞ്ഞു. ഫലത്തിൽ ആർക്കൊപ്പമെന്ന് പറയാതെ തന്നെ മനസ്സ് വ്യക്തമാക്കുകയാണ് സിപിഎം.

പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2016-ൽ പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയ ജെയ്ക്കിനിത് മൂന്നാം അങ്കമാണ്. 2016-ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻ ചാണ്ടിയും ജെയ്ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻ ചാണ്ടി ജയിച്ചത്. യാക്കോബായ സഭക്കാരനാണ് ജെയ്ക്. ഓർത്തഡോക്‌സിലാണ് യുഡിഎഫ് കണ്ണെന്നും ഇടതുപക്ഷത്തിന് അറിയാം. അതുകൊണ്ടാണ് എല്ലാ കരുതലുമെടുത്ത് സിപിഎം നീങ്ങുന്നത്.

മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ യുഡിഎഫിനെ ഇടതുമുന്നണി വെല്ലുവിളിക്കുമ്പോൾ വികസനമില്ലായിരുന്നെങ്കിൽ ഇത്രയും കാലം പുതുപ്പള്ളിക്കാർ ജയിപ്പിക്കുമായിരുന്നോ എന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉയർത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യമധ്യാന്തം എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് അജണ്ട വികസനമാണ്. വികസനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോയെന്നും ജെയ്ക് ചോദിക്കുന്നു. സംവാദത്തിന് സമയവും സ്ഥലവും യുഡിഎഫിന് നിശ്ചയിക്കാമെന്നും ഉമ്മൻ ചാണ്ടിയുടെ സ്‌കൂൾ മൂന്നുനിലയാക്കാൻ പിണറായി വേണ്ടിവന്നെന്നും ജെയ്ക് പറയുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിക്ക് സംസാരം കുറവായിരുന്നുവെന്നും പ്രവർത്തിയിലായിരുന്നു വിശ്വാസമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഎം തെറ്റുതിരുത്തിയതിൽ സന്തോഷമെന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ജനങ്ങളെ വലയ്ക്കുന്ന വിലക്കയറ്റവും ക്ഷേമ പെൻഷൻ മുടങ്ങിയതുമെല്ലാമാണെന്നും അദ്ദേഹം പറഞ്ഞു.