- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിലേതിന് സമാനമായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി പ്രചാരണം നയിക്കുന്ന രീതി ഒഴിവാക്കി; പ്രധാന നേതാക്കൾ വന്നു പോകും; പ്രചരണം നയിക്കേണ്ട ചുമതല വാസവനും കോട്ടയത്തെ സഖാക്കൾക്കും; പുതുപ്പള്ളിയിൽ വലിയ 'വിയർപ്പൊഴുക്കലിന്' സിപിഎം ഇല്ല; വ്യക്തി അധിക്ഷേപവും പാടില്ല; പുതുപ്പള്ളിയിൽ സിപിഎം ഉയർത്തുക വികസനം മാത്രം
തിരുവനന്തപുരം: പുതുപ്പള്ളിയിൽ സിപിഎം വലിയ വിയർപ്പൊഴുക്കലിന് ഇല്ല. സാധാരണ ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന നേതൃത്വം മുന്നിൽ നിന്ന് പ്രചരണം നയിക്കും. ഇത് അട്ടിമറികളിലേക്ക് കാര്യങ്ങൾ നയിക്കും. പാലായിലെ ഉപതിരഞ്ഞെടുപ്പിൽ അടക്കം ഇത് സിപിഎമ്മിന് ഗുണം ചെയ്തു. എന്നാൽ പുതുപ്പള്ളിയിൽ അത്തരം പ്രചരണമുണ്ടാകില്ല. എല്ലാം പ്രാദേശികമായി തന്ന ചെയ്യും. തൃക്കാക്കരയിലേതിന് സമാനമായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി പ്രചാരണം നയിക്കുന്ന രീതി ഒഴിവാക്കി. 24-ന് രണ്ടുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
മന്ത്രി വാസവന് മാത്രമാകും പുതുപ്പള്ളിയിലെ പ്രധാന ഉത്തരവാദിത്തം. വികസനം ചർച്ചയാക്കിയും സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ചും പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് സിപിഎം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദ്ദേശം ഉയർന്നു. വ്യക്തി അധിക്ഷേപങ്ങളാകുന്ന പരാമർശങ്ങൾ പാടില്ല. ഉമ്മൻ ചാണ്ടിയുടെ മരണത്തിനുശേഷമുള്ള വൈകാരികത മാത്രമാണ് യു.ഡി.എഫ്. ആയുധമാക്കുന്നതെങ്കിൽ പോലും വ്യക്തിപരമായ വിഷയം ചർച്ചയാക്കില്ല. രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കാമെന്നാണ് സിപിഎം. തീരുമാനം.
കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് പുറമേ, സംസ്ഥാനത്തെ പ്രധാന നേതാക്കൾക്കും പുതുപ്പള്ളിയിൽ പ്രവർത്തിക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി. പ്രധാന നേതാക്കൾക്കേ ചുമതലകളുള്ളൂ. തൃക്കാക്കരയിലെ പോലെ എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിൽ ചുമതല നൽകേണ്ടെന്നാണ് തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ ചികിത്സസംബന്ധിച്ച് പ്രാദേശികമായി നേതാക്കൾ ഉയർത്തിയ ആരോപണം ഗുണകരമാകില്ലെന്നാണ് നിരീക്ഷണം. അതുകൊണ്ട് തന്നെ അത് ഇനി ഉയർത്തില്ല. വികസനപ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയാൽ ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിയുന്ന സ്ഥിതിയാണെന്നാണ് സിപിഎം. വിലയിരുത്തൽ. നിലവിൽ മണ്ഡലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചുമതല നൽകിയ നേതാക്കൾ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് തുടരും. അതിന് അപ്പുറത്തേക്ക് സംസ്ഥാന നേതാക്കൾ ആരും പുതുപ്പള്ളിയിൽ മുഴുവൻ സമയ പ്രവർത്തനത്തിനുണ്ടാകില്ല.
എൻ എസ് എസിനെ സിപിഎം സ്ഥാനാർത്ഥി കണ്ടതും പ്രാദേശിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. വർഗീയതയ്‌ക്കെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് എൻ.എസ്.എസെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണിസ്ഥാനാർത്ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു. വർഗീയതയെ പടിയടച്ച് പിണ്ഡംവെച്ച പ്രസ്ഥാനമാണത്. ജീവൽപ്രശ്‌നങ്ങൾ ഉയർത്തിയാണ് ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അതിനോട് യോജിക്കാനേ സാമുദായിക, മതമേഖലകളിലുള്ളവർക്ക് കഴിയൂ -ജെയ്ക് പറഞ്ഞു.
ഞായറാഴ്ച എൻ.എസ്.എസ്. ആസ്ഥാനത്തെത്തിയ ജെയ്ക് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെക്കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. മന്ത്രി വി.എൻ. വാസവനും ഒപ്പമുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളുടേയും വോട്ട് നേടിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പുതുപ്പള്ളി എൽഡിഎഫിന് പ്രതീക്ഷപകരുന്നുണ്ട്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ ബഹുഭൂരിപക്ഷവും എൽഡിഎഫിനൊപ്പമാണ്. ഉമ്മൻ ചാണ്ടിക്ക് വോട്ട് ചെയ്തിരുന്ന പതിനായിരങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹം ജീവിച്ചിരിക്കെതന്നെ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിന്നിരുന്നു. 2021ൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. അന്ന് എൽഡിഎഫിന് വോട്ട് ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ജനങ്ങൾക്ക് ഇന്ന് തെല്ലും ശങ്കിക്കേണ്ടതില്ലെന്ന പ്രചരണം സിപിഎം നടത്തും.
പുതുപ്പള്ളിയുടെ വികസനത്തിലും എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ യുഡിഎഫിനാകില്ല. വികസന മുരടിപ്പ് ഇല്ലെന്നും വലുതും ചെറുതുമായ പദ്ധതികൾ നടപ്പായി എന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ചാണ്ടി ഉമ്മൻ പറഞ്ഞത്. ജനപ്രതിനിധിയുടെ രാഷ്ട്രീയംനോക്കി പദ്ധതിയും പണവും അനുവദിക്കുന്ന സംസ്‌കാരമാണ് എൽഡിഎഫ് സർക്കാരിനെന്ന് യുഡിഎഫ് എംഎൽഎമാരും പറയില്ല.
മറുനാടന് മലയാളി ബ്യൂറോ