കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് എത്തുമ്പോൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു.

കളക്ടർ ഈ അപേക്ഷ തിരിഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. അവരാകും തീരുമാനം എടുക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണു വോട്ടെണ്ണൽ. കോൺഗ്രസ് ആവശ്യം പരിഗണിച്ച് ചിലപ്പോൾ ഒരാഴ്ചത്തേയ്ക്ക് വോട്ടെടുപ്പ് മാറ്റാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ സാഹചര്യവും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ആവശ്യപ്പെട്ടാൽ മാറ്റുമെന്നാണ് സൂചന. സിപിഎമ്മും മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്.

''സെപ്റ്റംബർ ഒന്നു മുതൽ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണർകാട് തിരക്കിൽ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. 4 പോളിങ് സ്റ്റേഷനുകൾ മണർകാട് പള്ളിക്ക് സമീപമുള്ള സ്‌കൂളിലാണ് പ്രവർത്തിക്കുന്നത്. പെരുന്നാൾ ദിനത്തിൽ തിരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യം ആകും. അതുകൊണ്ടാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയത്'' കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്. പാർട്ടി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം പൂർണ്ണമായ ആത്മാർത്ഥതയോടെ താൻ നിറവേറ്റുമെന്ന് ചാണ്ടി പറഞ്ഞു. എന്റെ അപ്പ ജീവിച്ചതത്രയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം. ആ പ്രസ്ഥാനം ഒരു ദൗത്യമേൽപ്പിച്ചാൽ അത് നിർവഹിക്കുക എന്നത് എന്റെയും കടമയാണെന്നും ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ചാണ്ടി ഉമ്മന്റെ കുറിപ്പ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എന്നെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കയാണ്. വലിയൊരു ഉത്തരവാദിത്തമാണ് പ്രസ്ഥാനം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തം പൂർണ്ണമായ ആത്മാർത്ഥതയോടെ ഞാൻ നിറവേറ്റും. എന്റെ അപ്പ ജീവിച്ചതത്രയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം.

ആ പ്രസ്ഥാനം ഒരു ദൗത്യമേൽപ്പിച്ചാൽ അത് നിർവഹിക്കുക എന്നത് എന്റെയും കടമയാണ്. അപ്പ 53 വർഷത്തോളം പുതുപ്പള്ളിയുടെ ജന പ്രതിനിധിയായിരുന്നു. പുതുപ്പള്ളിയിലെ ഓരോ ആളുകളുടെയും സുഖത്തിലും ദുഃഖത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അപ്പയെ പോലൊരു വലിയ മനുഷ്യനാവാൻ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പള്ളിയുടെ ജീവൽ പ്രശ്‌നങ്ങൾ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും അത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ്. വ്യക്തിപരമായി എന്റെ ജീവിതത്തിൽ, വലിയൊരു ആഘാതമേറ്റ സമയത്താണ് പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

അപ്പ ഓർമ്മയായിട്ട് 23 ദിവസം മാത്രമേ ആയിട്ടുള്ളൂ. ആ വേദന മനസ്സിലുണ്ട്. ആ ഓർമ്മകൾക്കൊപ്പം, രാഷ്ട്രീയമോ, ദേശമോ പരിചയമോ ഇല്ലാത്തവരുൾപ്പെടെ ലക്ഷക്കണക്കിന് മനുഷ്യർ അനുദിനം നൽകുന്ന മാനസിക പിന്തുണയുമാണ് മുന്നോട്ടുള്ള ഊർജം. ആത്യന്തിക വിധി കർത്താക്കൾ ജനങ്ങളാണെന്ന് അപ്പ എപ്പോഴും പറയുമായിരുന്നു..നിങ്ങളുടെ എവരുടെയും പിന്തുണയും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.