- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാണ്ടി ഉമ്മന് 25000ലേറെ ഭൂരിപക്ഷം ഉറപ്പെന്ന് വിലയിരുത്തി കോൺഗ്രസ്; നേരിയ ഭൂരിപക്ഷത്തിൽ ജെയ്ക് കടന്നു കൂടുമെന്ന് സിപിഎം; ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പിൻഗാമി ആര്? ഫലം നാളെ
കോട്ടയം: കേരള രാഷ്ട്രീയത്തിലെ മഹാമേരുക്കളിലൊരാളായ ഉമ്മൻ ചാണ്ടിയുടെ ഒഴിച്ചിട്ട പുതുപ്പള്ളി കസേരയിൽ നിന്ന് ആര് നിയമസഭയിലെത്തും? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എൽഡിഎഫിന്റെ ജെയ്ക് സി തോമസും എൻഡിഎയുടെ ജി ലിജിൻ ലാലുമാണ് സ്ഥാനാർത്ഥികൾ. കേരളം ആകാംഷയിലാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്ന് യുഡിഎഫ്. ഉമ്മൻ ചാണ്ടി തരംഗവും സർക്കാർ വിരുദ്ധതയും ആഞ്ഞടിച്ചുവെന്നാണ് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൻ 25,000ൽ പരം വോട്ടിന് ജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
എല്ലാ ബൂത്തുകളിൽ നിന്നുള്ള കണക്കുകളും വിലയിരുത്തിയാണ് ഈ നിലപാടിൽ അവരെത്തുന്നത്. എന്നാൽ നേരിയ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ജയിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാൽ ജയം ചാണ്ടി ഉമ്മനൊപ്പമാകുമെന്ന വിലയിരുത്തലിലാണ് സിപിഐ. വോട്ട് കുറയില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. പുതുപ്പള്ളിയിൽ കൂടുതൽ ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പിലാണെന്നതാണ് വസ്തുത.
സിപിഎം വോട്ടെടുപ്പു ദിവസം രാത്രി തന്നെ കണക്കെടുപ്പുകളും യോഗവും നടത്തി. കോൺഗ്രസ് ഇന്നലെ രാത്രിയോടെയാണ് യോഗം ചേർന്നത്. പഞ്ചായത്തുകൾ തിരിച്ചുള്ള വോട്ടിങ് നിലയും പ്രതീക്ഷിക്കുന്ന ലീഡും മണ്ഡലം പ്രസിഡന്റുമാർ വ്യക്തമാക്കി. കഴിഞ്ഞതവണ പിന്നാക്കം പോയ മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിലും മികച്ച ഭൂരിപക്ഷം കോൺഗ്രസ് കണക്കുകൂട്ടുന്നു. മാസപ്പടി വിവാദം പാർട്ടിക്ക് ക്ഷീണമായി. ചികിത്സാ വിവാദം വോട്ടർമാർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
പുതുപ്പള്ളിയിൽ കോൺഗ്രസിനാവും മേൽക്കൈ എന്നാണ് സിപിഎം വിലയിരുത്തലും. എന്നാൽ മണർകാടും പാമ്പാടിയും തങ്ങൾക്ക് മികച്ച പിന്തുണ നൽകുമെന്നും അവർ കണക്കാക്കുന്നു. വാകത്താനത്തും പാർട്ടി പ്രതീക്ഷ വയ്ക്കുന്നു. പല ആരോപണങ്ങളിലും പാർട്ടിയും സർക്കാരും മൗനം പാലിച്ചത് പാർട്ടി അനുഭാവികൾക്കും പോലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു. നേരിയ ഭൂരിപക്ഷത്തിലെ വിജയമാണ് സിപിഎം കണക്കു കൂട്ടൽ. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും.
20 മേശകളിലായാണ് വോട്ടെണ്ണൽ ക്രമികരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. രാവിലെ എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തു വരും. ഒൻപത് മണിയോടെ തന്നെ കൃത്യമായി തന്നെ വിജയിയെ മനസ്സിലാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
2021ൽ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാൾ 1.98 ശതമാനം കുറവ്. മഴയും വോട്ടർമാരായ വിദ്യാർത്ഥികൾ ഉൾപ്പെടെ കുറേ പേർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായി കരുതുന്നത്. ആകെ 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്മമായി എണ്ണും. ഇതിലെ 14 മേശകൾ വോട്ടിങ് മെഷിനീൽ നിന്നുള്ള കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാൽ വോട്ടുകൾ എണ്ണാൻ അഞ്ച് മേശകൾ ഒരുക്കിയിരിക്കുമ്പോൾ അവശേഷിക്കുന്ന ഒരു ടേബിളിൽ സർവീസ് വോട്ടുകൾ എണ്ണും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. 182 ബൂത്തുകളിൽ ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണാനായി എടുക്കുക.
രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടർച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുക. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിങ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിങ് ഉദ്യോഗസ്ഥർ. ആകെയുള്ള 20 കൗണ്ടിങ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയോസ് കോളേജ്.
കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 9,044 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിനെതിരെ ഉമ്മൻ ചാണ്ടി നേടിയത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം ഏറെ ഉയർത്താമെന്ന് ചാണ്ടി ഉമ്മൻ കണക്കുകൂട്ടുന്നു. ഉപതെരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തു എന്നാണ് കണക്ക്.
മറുനാടന് മലയാളി ബ്യൂറോ