- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അജണ്ട സിപിഎം ഓഫീസിൽ നിന്ന് തീരുമാനിക്കേണ്ട; ഞങ്ങളുടെ അജണ്ടയ്ക്ക് പിന്നാലെ പോരാൻ പറ്റുമെങ്കിൽ വന്നോ; ഞങ്ങൾ മുഖ്യമന്ത്രിയെ ആണ് സംവാദത്തിന് ക്ഷണിക്കുന്നത്; ആറ് മാസമായി മുഖ്യമന്ത്രി വാ തുറന്നിട്ട്; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്; ആറു അഴിമതികൾ പുതുപ്പള്ളിയിൽ നിറയ്ക്കും; സതീശന്റെ വെല്ലുവിളി പിണറായി ഏറ്റെടുക്കുമോ?
കോട്ടയം: സംവാദത്തിന് പുതിയ തലം നൽകിയ പ്രതിപക്ഷ നേതാവ്. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സംവാദത്തിന് വെല്ലുവിളിച്ച സതീശൻ ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നിൽ വരാനെങ്കിലും ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ പ്രചാരണത്തിനിടെയാണ് സതീശൻ പുതിയ വെല്ലുവിളി ഉയർത്തുന്നത്.
വികസന ചർച്ചയ്ക്കുള്ള ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി.തോമസിന്റെ ക്ഷണം കോൺഗ്രസ് തള്ളുകയും ചെയ്തു. തിരഞ്ഞെടുപ്പ് അജണ്ട സിപിഎം നിശ്ചയിക്കേണ്ടെന്ന് സതീശൻ പറഞ്ഞു. വിസ്മയകരമായ വികസനം നടന്ന സ്ഥലമാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്തുക, പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എൽഡിഎഫിന്റെ വികസന ചർച്ചയെന്നും സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ അഴിമതി ചർച്ചയാക്കുകയാണ് പ്രതിപക്ഷ അജണ്ട. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയടക്കം ചർച്ചയാക്കും. ഇതിന്റെ ഭാഗമായാണ് സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കൽ. ഇതിലൂടെ ജെയ്കിന്റെ സംവാദ വെല്ലുവളിയെ തകർക്കുകയാണ് ലക്ഷ്യം.
'എന്ത് വികസനം നടന്നുവെന്നത് എല്ലാ വീടുകളിലും ബുക്ക്ലെറ്റായി എത്തിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കെണിയിൽ വീഴില്ല. ഞങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അജണ്ട സിപിഎം ഓഫീസിൽ നിന്ന് തീരുമാനിക്കേണ്ട. ഞങ്ങളുടെ അജണ്ടയ്ക്ക് പിന്നാലെ പോരാൻ പറ്റുമെങ്കിൽ വന്നോ. ഞങ്ങൾ മുഖ്യമന്ത്രിയെ ആണ് സംവാദത്തിന് ക്ഷണിക്കുന്നത്. ആറ് മാസമായി മുഖ്യമന്ത്രി വാ തുറന്നിട്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. വാ തുറക്കാൻ മടിയുള്ള മുഖ്യമന്ത്രിയുടെ പാർട്ടിയാണോ ഞങ്ങളെ സംവാദത്തിന് വിളിക്കുന്നത്' പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംവാദത്തിന് വരികയൊന്നും വേണ്ട, ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു പത്രസസമ്മേളനമെങ്കിലും നടത്തട്ടെയെന്നും സതീശൻ പറഞ്ഞു. മാസപ്പടിയെ പറ്റി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഒന്നും അറിയില്ല. യുഡിഎഫ് നേതാക്കളെ കുറിച്ചും മാസപ്പടി വിവാദമുണ്ടായി. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ആരോപണം വന്നു. അദ്ദേഹം അതിനെ കുറിച്ച് വിശദീകരിച്ചോയെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു. അങ്ങനെ യുഡിഎഫ് നേതാക്കളെ പ്രതിരോധിച്ച് പുതിയ ആരോപണ മുഖം തുറക്കുകയാണ് സതീശൻ.
പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഗൗരവതരമായ രാഷ്ട്രീയം ചർച്ച ചെയ്യാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ മാസപ്പടി ആരോപണം ഉൾപ്പെടെ ആറ് പ്രധാന അഴിമതികളാണ് സർക്കാരിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. ജനങ്ങളുമായി ഇതേക്കുറിച്ച് സംവദിക്കും. സർക്കാരിന്റെ കെടുകാര്യസ്ഥതകളും ഒന്നൊന്നായി പുറത്തുകൊണ്ട് വരും. വില്ലേജ് ഓഫീസർ അറിയാതെ വില്ലേജ് അസിസ്റ്റന്റ് എങ്ങനെ കൈക്കൂലി വാങ്ങുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യം ശരിയാണ്. അതേ ചേദ്യം തന്നെയാണ് ഞങ്ങളും മുഖ്യമന്ത്രിയോട് ചോദിക്കുന്നത്-സതീശൻ നേരത്തെ നിലപാട് വിശദീകരിച്ചിരുന്നു.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ജയിലിൽ നിന്നും പുറത്ത് വന്ന ശിവശങ്കർ വീണ്ടും ലൈഫ് മിഷൻ കേസിൽ ജയിലിൽ പോയി. മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷനിൽ ഗൾഫിൽ നിന്ന് വന്ന 20 കോടിയിൽ ഒൻപതേകാൽ കോടി രൂപ കമ്മീഷൻ വാങ്ങിയത് അദ്ദേഹം അറിഞ്ഞില്ലേ? സമീപകാലത്ത് കേരളം കണ്ട കൊടിയ അഴിമതികളായ എ.ഐ കാമറ, കെ ഫോൺ ഇടപാടുകളുടെ കേന്ദ്രബിന്ദുവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷനെ കൊണ്ട് 1032 കേടി രൂപയുടെ പർച്ചേസ് നടത്തിയതിലും വ്യാപകമായ ക്രമക്കേട് നടന്നു.
ഏറ്റവും അവസാനമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കൊച്ചിയിലെ സർക്കാർ സ്ഥാപനത്തിന് പങ്കാളിത്തമുള്ള കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് ആ കമ്പനിക്ക് ഒരു സർവീസും നൽകാതെ 1.72 കോടി രൂപ വാങ്ങിയെന്ന് ഇൻകം ടാക്സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നു. ഇതിലൊന്നും മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പറയാൻ തയാറായില്ല. ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയല്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരം പറയാൻ ഉത്തരവാദിത്തമുള്ള ആളാണ്. എന്നിട്ടും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നും പറയില്ല. പാർട്ടി പറയുമെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ എം.വി ഗോവിന്ദന് എന്താണ് കാര്യം? മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയിലെ പാർട്ണറൊന്നുമല്ലല്ലോ എം.വി ഗോവിന്ദൻ? മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.
മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരായ ആരോപണങ്ങളിൽ അവരെല്ലാം വന്ന് മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ മുഖ്യമന്ത്രി മിണ്ടില്ല. ആറ് മാസത്തിലധികമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ആകാശവാണിയെ പോലെ മുഖ്യമന്ത്രിയോട് ഒന്നും ചോദിക്കാൻ പറ്റില്ല-ഇതാണ് കോൺഗ്രസ് പുതുപ്പള്ളിയിൽ ചർച്ചയാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ