കോട്ടയം: പുതുപ്പള്ളിയിലെ അന്തിമ വോട്ടർപട്ടിക പുറത്തു വരുമ്പോൾ ഉയരുന്നത് വിവാദം. 1,76,142 വോട്ടർമാരാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ളത്. എന്നാൽ ഏഴായിരത്തിലേറെ യുവ വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഇല്ലാതായത്. എല്ലായ്‌പ്പോഴും വോട്ടർമാർ കൂടുകയാണ് സാധാരണ സംഭവിക്കാറുള്ളത്. എന്നാൽ പുതുപ്പള്ളിയിൽ അതു തെറ്റി. ചാണ്ടി ഉമ്മന് വോട്ട് കുറയ്ക്കാനുള്ള ഇടപെടലാണ് ഇതെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടി സഹതാപ തരംഗം ആഞ്ഞെടിക്കുമെന്ന വിലയിരുത്തലിലാണ് ഇതെന്നും സൂചനയുണ്ട്.

വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠന, ജോലി ആവശ്യങ്ങൾക്കായി പോയവരെ പട്ടികയിൽ നിന്ന് നീക്കിയതോടെയാണ് ഏഴായിരത്തോളം വോട്ടർമാർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ആകെയുള്ള 182 ബൂത്തുകളിൽ ഓരോ ബൂത്തിലുമായി 30 മുതൽ 40 വരെ യുവാക്കളുടെ കുറവുമുണ്ട്. ചില പഞ്ചായത്തുകളിൽ ഇതിലേറെ കുറവുണ്ട്. മണ്ഡലത്തിൽ ഈ വർഷം 957 പുതിയ വോട്ടർമാരാണ് ഉള്ളത്. എന്നാൽ ഏഴായിരം പേർ കുറഞ്ഞു. ഇതോടെ വോട്ടർ പട്ടികയിലെ എണ്ണം താഴുകയായിരുന്നു. എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, ബിജെപിയുടെ ലിജിൻ ലാൽ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.

ഇതിനിടെ വോട്ടർപട്ടികയ്‌ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തി. വോട്ടർപട്ടികയിൽ നിന്ന് അർഹരായ നൂറ് കണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താൽ ഒഴിവാക്കിയെന്നാണ് ആരോപണം. ഇതിനെതിരെ നിയമനടപടിയുമായി നീങ്ങുകയാണ് ചാണ്ടി ഉമ്മൻ. പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. അഡ്വക്കേറ്റ് വിമൽ രവി മുഖേന ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസ് അയച്ചു.

സാധാരണ താൽകാലികമായി വിദേശത്തേക്ക് പഠനത്തിന് പോകുന്നവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാറില്ല. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരെ ഒരിക്കലും ഒഴിവാക്കാറില്ല. ഇതും ഇത്തവണ സംഭവിച്ചു. വിദേശത്തുള്ളവർക്ക് നാട്ടിൽ എത്തി വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പല തിരഞ്ഞെടുപ്പിലും പ്രവാസികളെ നാട്ടിലെത്തിച്ച് വോട്ട് ചെയ്യാൻ വിമാനം പോലും ഏർപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളുണ്ട്. ഉമ്മൻ ചാണ്ടിയോടുള്ള അദര സൂചകമായി പല പ്രവാസികളും നാട്ടിലെത്തി വോട്ട് ചെയ്യാനും തയ്യാറായിരുന്നു. ഇതിനിടെയാണ് ഇവരുടെ എല്ലാം പേര് വെട്ടിമാറ്റുന്നത്. ഇത് ഫലത്തിൽ ഭൂരിപക്ഷത്തെ സ്വാധീനിക്കും.

2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ(ഇറോൾ അപ്‌ഡേഷൻ) പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷൻ കമ്മിഷൻ വാദം. ഓഗസ്റ്റ് 10നു ശേഷം അപേക്ഷ സമർപ്പിക്കപ്പെട്ട പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ വാർത്താ കുറിപ്പിൽ പറഞ്ഞു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.

സ്ഥാനാർത്ഥികളുടെ ശരാശരി പ്രായം 37 ആണ്. എന്നാൽ മണ്ഡലത്തിലെ യുവ വോട്ടർമാരുടെ എണ്ണം കുറവാണ്. 20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 ശതമാനവും 30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 ശതമാനവുമാണ് മണ്ഡലത്തിലുള്ളത്. 50നും 59നും ഇടയിലാണ് മണ്ഡലത്തിലെ വോട്ടർമാരിൽ കൂടുതൽ പേരുടെയും പ്രായം. 20.08 ശതമാനം വോട്ടർമാരാണ് ഈ പ്രായപരിധിയിൽ വരുന്നത്.

മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. മണ്ഡലത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണുള്ളത്. 90,277 സ്ത്രീ വോട്ടർമാരും 86,131 പുരുഷ വോട്ടർമാരും മണ്ഡലത്തിലുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നാല് വോട്ടർമാരുമുണ്ട്.