- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ; പാർട്ടി പറഞ്ഞാൽ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം; റെക്കോർഡ് വിജയം മാത്രമല്ല, സർക്കാറിനെ വിചാരണ ചെയ്യുമെന്ന് വി ഡി സതീശൻ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കമെന്ന് പ്രതിപക്ഷ നേതാവ്; സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമെന്ന് മന്ത്രി മുഹമ്മദ് റിയാസും
തിരുവനന്തപുരം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻതന്നെയെത്തും. കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെയെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ പറഞ്ഞു. തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാർട്ടി പറഞ്ഞാൽ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മൻ പ്രതികരിച്ചു. കോൺഗ്രസ് ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മറിയം ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യാൻ കൂടി തെരഞ്ഞെടുപ്പ് അവസരമാക്കും. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
സ്ഥാനാർത്ഥിയെ താനല്ല പ്രഖ്യാപിക്കേണ്ടതെന്നും അത് കെപിസിസി പ്രസിഡന്റാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തുവന്നു. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി കഴിഞ്ഞു. ഒരു മാസത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്‌ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.
അതേസമയം, വൻ ഭൂരിപക്ഷത്തോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. പുതുപ്പള്ളിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മുൻതൂക്കം. ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.
ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഓഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും.
മറുനാടന് മലയാളി ബ്യൂറോ