- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച് ബിൽ ചർച്ച സജീവം; യാക്കോബായ വോട്ടു നേടി പിടിച്ചു നിൽക്കാൻ സിപിഎം ശ്രമം; മണർകാട് നിന്നും പരമാവധി വോട്ടു സമാഹരണ ശ്രമം; പ്രചാരണത്തിന് വൈദികരുടെ സാന്നിധ്യവും; കലാശക്കൊട്ടിന് കേന്ദ്രബിന്ദുവായതു പാമ്പാടി; വോട്ടു ചിതറിക്കാൻ ശ്രമം നടക്കുമ്പോഴും ആശങ്കയില്ലാതെ യുഡിഎഫ് ക്യാമ്പ്
കോട്ടയം: പുതുപ്പള്ളിയിൽ ആരും കാണാത്ത കാഴ്ചകൾ അണിയറകളിൽ സജീവമാണ്. കഴിഞ്ഞ രണ്ടു ദിവസമായി അണിയറക്കഥകൾ തേടിയിറങ്ങിയപ്പോൾ പുതുപ്പള്ളിയിൽ നിന്നും ധാരാളം രാഷ്ട്രീയ കഥകളാണ് എത്തുന്നത്. ഇവയിൽ കെട്ടുകഥകളോ എതിർ വിഭാഗത്തെ കുഴപ്പിക്കാൻ വേണ്ടിയുള്ള മിനഞ്ഞെടുത്ത കഥകളോ ഒക്കെയുണ്ടാകാം. എങ്കിലും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നത് എല്ലാക്കാലത്തും രാഷ്ട്രീയ പാർട്ടികൾ ആവർത്തിച്ച് നടപ്പാക്കി വിജയിച്ച തന്ത്രം ആയതിനാൽ ഇത്തവണ പുതുപ്പള്ളിയിലും അത്തരം കാഴ്ചകൾ ധാരാളമുണ്ട്.
പുതുപ്പള്ളിക്കാരൻ തന്നെയായ ഇടതു മുന്നണി സ്ഥാനാർത്ഥി കഴിഞ്ഞ തവണ ഏറെക്കുറെ ഫലപ്രദമായി ഉപയോഗിച്ച തന്ത്രം തന്നെയാണ് ഇത്തവണയും അണിയറയിൽ അവസാന ലാപ്പിൽ സിപിഎം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം വളരെ വ്യക്തമായി മുൻകൂട്ടി മനസിലാക്കിയ കോൺഗ്രസ് നേതൃത്വം ഫലപ്രദമായ വിധത്തിൽ മറുതന്ത്രം പ്രയോഗിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. എങ്കിലും ഒരു വിഭാഗം വോട്ടിൽ ചെറിയ ചോർച്ച ഉണ്ടാകാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ഇന്നലെ പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശം കൂടി കണ്ട ശേഷമുള്ള വിലയിരുത്തൽ.
ശ്രദ്ധ മുഴുവൻ മണർകാട്, പരമാവധി യാക്കോബായ വോട്ടുകൾ സമാഹരിക്കാൻ ശ്രമം
രണ്ടാം വട്ടം ജെയ്ക് തോമസ് ഉമ്മൻ ചാണ്ടിക്ക് എതിരെ പ്രയോഗിച്ചു വിജയിച്ച സാമുദായിക വോട്ടുകളുടെ അധിക സമാഹരണം തന്നെയാണ് ഇത്തവണയും ഇടതു തന്ത്രങ്ങളുടെ കാതൽ. പ്രചാരണം മൂർദ്ധന്യത്തിൽ എത്തിയ ഘട്ടത്തിൽ കഴിഞ്ഞ ആഴ്ച ഒരു പരിധി വരെ ഇടതു സഖ്യം ഈ തന്ത്രത്തിൽ ഏറെ മുന്നേറുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്ക് മണർകാട് 4000 വോട്ടുകളുടെ കുറവാണു രേഖപ്പെടുത്തിയത്. അത് ഇരട്ടിയാക്കി മാറ്റുക എന്ന തന്ത്രത്തിനാണ് പള്ളിത്തർക്കത്തിൽ ജെയ്ക്കിന്റെ വിജയം വഴി സമുദായത്തിന് നേട്ടം ഉണ്ടാക്കും എന്ന ഉറപ്പ് നൽകി വോട്ടുകൾ കൂട്ടത്തോടെ ഇത്തവണ അടർത്താൻ ശ്രമം ഉണ്ടായത്.
ഇതിനായി മണ്ഡലത്തിൽ പലയിടത്തും ജാക്കോബായ വൈദികരുടെ സഹായവും ഇടതുപക്ഷം ഉറപ്പാക്കിയിരുന്നു. പലയിടത്തും സമുദായ അംഗങ്ങളുടെ വീടുകൾ കയറി വോട്ട് തേടാൻ വൈദികരുടെ സഹായം തേടി എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സമുദായ വോട്ടുകൾ ഒരു മിത്തല്ല എന്ന തിരിച്ചറിവാണ് പാർട്ടി പുതുപ്പള്ളിയിൽ നേടിയെടുത്തത്. അതിനാൽ സമുദായ വോട്ടുകളുടെ പ്രീണനം ജയിക്കാൻ അനിവാര്യം ആണെങ്കിൽ അതൊരു വലിയ തെറ്റല്ല എന്ന സന്ദേശമാണ് മണ്ഡലത്തിൽ അടിത്തട്ടിലേക്ക് എത്തിച്ചിരിക്കുന്ന സന്ദേശം.
ഇത് പുറത്തായത് വഴി ഓർത്തഡോക്സ് വിഭാഗത്തിൽ ഉണ്ടാകാനിടയുള്ള എതിർപ്പ് തണുപ്പിക്കാൻ അവരെ ചർച്ച് ബിൽ നടപ്പാക്കും എന്ന ഉറപ്പു കൂടി നൽകിയാണ് സമുദായ കാർഡിന്റെ വിജയകരമായ പരീക്ഷണം സിപിഎം നടത്തുന്നത്. ചർച്ച് ബിൽ വന്നാൽ എല്ലാ വിഭാഗത്തിനും ഗുണം ലഭിക്കും എന്ന് എവിടെയും തൊടാതെയുള്ള ഉറപ്പുകളും നൽകുന്നതിൽ പ്രാദേശിക, ജില്ലാ നേതാക്കൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇത് മണത്തറിഞ്ഞ യുഡിഎഫ് നേതാക്കൾ അതേ തന്ത്രം തന്നെ പുറത്തെടുത്തു സമുദായ നേതാക്കൾ ഇനിയും വഞ്ചിതരാകരുതു എന്ന സന്ദേശമാണ് കൈമാറിയിരിക്കുന്നത്. ഇത് ഒരു പരിധി വരെ വിജയിച്ചു എന്നാണ് ജാക്കോബായ സമുദായത്തിലെ ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി സിപിഎം തന്ത്രം വിളിച്ചു പറയാൻ തയ്യാറായതിലൂടെ വ്യക്തമായിരിക്കുന്നത്.
കേരളത്തിൽ നിർണായക ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഏക നിയമ സഭ മണ്ഡലം എന്ന ലേബലാണ് പുതുപ്പള്ളിയെ ഈ സമുദായ കാർഡിറക്കിയുള്ള കളിക്ക് സിപിഎമ്മിനെ നിർബന്ധിതമാക്കുന്ന സാഹചര്യം. ക്രിസ്ത്യൻ ബെൽറ്റിൽ സ്വാധീനം ഉള്ള കേരള കോൺഗ്രസ് മാണി വിഭാഗം കൂടി ചേർന്നതോടെ പഴയതു പോലെ തങ്ങൾക്ക് ക്രിസ്ത്യാനികൾക്കിടയിൽ അയിത്തം ഒന്നും ഇല്ലെന്ന ഉറപ്പോടെയാണ് പരസ്യമായി സമുദായ കളിക്ക് ഇറങ്ങാൻ സിപിഎമ്മിന് ധൈര്യം ലഭിച്ചിരിക്കുന്നത്. ഏകദേശം 56 ശതമാനം വോട്ടർമാരും ക്രിസ്ത്യാനികളാണ് മണ്ഡലത്തിൽ എന്നത് എഴുതി തള്ളാൻ പറ്റുന്ന കാര്യമല്ല.
മറ്റു വോട്ടുകൾ ഏറെക്കുറെ പൂർണമായും ഹിന്ദു വിഭാഗത്തിന്റേതാണ്. വെറും ആയിരത്തിൽ താഴെ മാത്രമാണ് മുസ്ലിം വോട്ടുകൾ. അതിനാൽ ഹിന്ദു - മുസ്ലിം വികാരം ഉയർത്തുന്ന ഒരു കാര്യവും മണ്ഡലത്തിൽ ചർച്ച പോലും ആകാതിരിക്കാൻ ഇരു പക്ഷവും ശ്രദ്ധ നൽകുന്നു. പള്ളി രാഷ്ട്രീയം പറഞ്ഞു തന്നെയാണ് ആറു പഞ്ചായത്തുകൾ കൈവശം ഉണ്ടെന്നു മേനി നടിക്കുന്ന സിപിഎം അവിടെയൊക്കെ അധികാരം പിടിച്ചെടുത്തത് എന്നും എതിർപക്ഷം ആക്ഷേപം ഉയർത്തുന്നു. ഇതെല്ലം പരസ്യമായി പ്രകടിപ്പിക്കപ്പെട്ടതോടെ ഉദ്ദേശിച്ച ഫലം കിട്ടുമോ എന്ന കാര്യത്തിലാണ് ഇടതു ക്യാമ്പിൽ പ്രചാരണം അവസാനിച്ച ഇന്നലെ ഉയർന്ന പ്രധാന ആശങ്ക.
പാമ്പാടിയിൽ കണ്ടത് നാട്ടുകാരും വരത്തരും തമ്മിൽ ഉള്ള നേരങ്കം
പാമ്പാടിയിൽ കൊട്ടിക്കലാശവും മൂവരും ഒന്നിച്ചാണ് എന്ന് വ്യക്തമാക്കിയതോടെ പുതുപ്പള്ളിക്കാരുടെ വഴികൾ എല്ലാം ഇന്നലെ പാമ്പാടിയിലേക്ക് ആയിരുന്നു. ഉച്ചയോടെ തന്നെ സകല ഇടവഴികൾ പോലും വാഹന നിര കൊണ്ട് നിറഞ്ഞിരുന്നു. കിലോമീറ്ററുകൾ നടന്നാണ് ടൗൺ സിരാ കേന്ദ്രത്തിലേക്ക് പോലും എത്താനായത്. ആ നടത്തത്തിനിടയിൽ ഒട്ടേറെ ആളുകളുമായി സംസാരിച്ചു നടക്കാനുമായി. തികച്ചും സൗഹൃദമായി എല്ലാവരും മിണ്ടി തുടങ്ങിയതോടെ മറ്റൊരു രഹസ്യമാണ് അഴിഞ്ഞു വീണത്. ഇടതു പക്ഷമെന്നു വിളിച്ചു പറയുന്ന തൊപ്പിയും ടീ ഷർട്ടും ഒക്കെ അണിഞ്ഞ പാർട്ടി പ്രവർത്തകർ ഒരു കള്ളവും കൂടാതെയാണ് കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് വന്നതെന്ന് പറഞ്ഞത്.
എന്നാൽ കോൺഗ്രസ് പക്ഷത്തു ചെന്ന് തിരക്കിയപ്പോൾ ആരും തന്നെ മണ്ഡലത്തിന് പുറത്തുള്ളവരില്ല. അവരുടെ മുതിർന്ന നേതാക്കൾ മാത്രമാണ് മണ്ഡലത്തിന് പുറത്തു നിന്നും കാണാനായത്. അൽപം ആളെണ്ണം കൂടുതൽ കാണട്ടെ എന്ന ചിന്തയിലാകും മറുനാട്ടുകാർ കൂടി പുതുപ്പള്ളിയിൽ എത്തിയത് എന്ന് വ്യക്തം. പക്ഷെ അവർക്കാർക്കും വോട്ടില്ലല്ലോ എന്ന കാര്യം കാണുന്നവർക്കറിയില്ലല്ലോ എന്ന ചിന്തയും വരത്തരെ പുതുപ്പള്ളിയിൽ എത്തിക്കാൻ കാരണമായിട്ടുണ്ടാകും. തൃക്കാക്കരയിലെ പിണറായി വിജയന്റെ സമ്മേളനത്തിലും ഇത്തരത്തിൽ പുറത്തു നിന്നും ആളെ ഇറക്കിയതായി അന്നേ ആക്ഷേപം ഉയർന്നതാണ്. എതിരാളികളെ മാനസികമായി തളർത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ ആൾപെരുക്ക കാഴ്ച വഴി സിപിഎം ലക്ഷ്യം വയ്ക്കുന്നതും.
പരമാവധി വോട്ടുകൾ ചിതറിക്കാൻ ഉള്ള ശ്രമവും സജീവം
പല പോക്കറ്റുകളിലും തങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് ഇടതു പക്ഷം പ്രചാരണം അവസാനിപ്പിച്ചിരിക്കുന്നത്. അവിടെല്ലാം കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ചിതറിക്കാൻ ഉള്ള വ്യാപക ശ്രമം നടന്നിട്ടുണ്ട്. ബിജെപിയും ആം ആദ്മിയും ചേർന്ന് പിടിക്കുന്ന ഓരോ വോട്ടും ആത്യന്തികമായി തങ്ങളെയാണ് സഹായിക്കുക എന്ന് സിപിഎമ്മിന് വ്യക്തമായറിയാം. കാരണം കോൺഗ്രസിന് ലഭിക്കേണ്ട വോട്ടാണ് അങ്ങനെ മറിയുന്നത്. കഴിഞ്ഞ വർഷം ഉമ്മൻ ചാണ്ടിക്ക് ഭൂരിപക്ഷം കുറയാൻ കാരണമായത് കോൺഗ്രസ് ചേരിയിൽ നിന്നും ഇടതു ചേരിയിലേക്ക് മറിഞ്ഞ സമുദായ വോട്ടുകൾ കാരണമാണ് ജെയ്ക്കിന് ബലാബലം പിടിക്കാനുള്ള ധൈര്യം നൽകുമാറ് വോട്ട് നില ഉയർത്തിയതും ഇപ്പോൾ മൂന്നാം വട്ടം സ്ഥാനാർത്ഥി ആകാനുള്ള അവസരം സൃഷ്ടിച്ചതും.
ജയിക്കാൻ പറ്റാതാകുന്ന സാഹചര്യത്തിലും വമ്പൻ ഭൂരിപക്ഷം കോൺഗ്രസ് നേടിയാൽ അത് സംസ്ഥാന സർക്കാരിനുള്ള ഭരണ വിരുദ്ധ വോട്ടായി ചിത്രീകരിക്കപ്പെടും എന്നറിയാവുന്നതിനാൽ കൂടിയാണ് കഴിവതും വോട്ടുകൾ ചിതറിക്കാൻ ഉള്ള ശ്രമം നടക്കുന്നത്. തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർത്ഥി ഇല്ലാതെ പോയത് കോൺഗ്രസിന് വലിയ സഹായവും മേൽക്കൈയും ലഭിക്കാൻ കാരണമായി എന്നും പാർട്ടി വിലയിരുത്തിയിരുന്നു. ആ സാധ്യത പോലും പുതുപ്പള്ളിയിൽ ഉണ്ടാകരുത് എന്നും സിപിഎം വ്യക്തമായി ഉറപ്പിച്ചാണ് കളത്തിലിറങ്ങിയത്.