കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്താൻ ഇന്ന് വിധിയെഴുത്ത്. ഉമ്മൻ ചാണ്ടി വികാരം നിറഞ്ഞു നിൽക്കുന്ന മണ്ഡലത്തിൽ അനായാസം വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അതേസമയം മറുവശത്ത് നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്ന് ജെയ്ക് സി തോമസും അവകാശപ്പെടുന്നു.

രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് കടിഞ്ഞാണിട്ട ജെയ്ക്ക് സി തോമസാണ് ഇക്കുറിയും ആ പ്രതീക്ഷയാണ് പങ്കുവെക്കു്‌നത്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ അടക്കം മൊത്തം ഏഴ് സ്ഥാനാർത്ഥികളാണ് പുതുപ്പള്ളിയിൽ ഇക്കുറി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക.

നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമായ തിങ്കളാഴ്ച വോട്ടർമാരെ നേരിൽകണ്ട് അവസാനവട്ട വോട്ടുറപ്പിക്കലിലായിരുന്നു സ്ഥാനാർത്ഥികൾ. മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തി. മത്സരിച്ചുമുന്നേറിയ പ്രചാരണത്തിനൊടുവിൽ മൂന്നു മുന്നണികളും ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി വെടിവെപ്പിന്റെ 85ാം വാർഷിക ദിനത്തിൽ നിലക്കൽ പള്ളിയിൽ എത്തി രക്തസാക്ഷി കുറ്റിക്കൽ കുഞ്ഞപ്പന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയാണ് വോട്ടുതേടിയിറങ്ങിയത്.

പുതുപ്പള്ളി പള്ളിയിലും മണർകാട് സെന്റ് മേരീസ് ദേവാലയത്തിലും മണർകാട് ദേവീക്ഷേത്രത്തിലും എത്തി വിശ്വാസി സമൂഹത്തെ കണ്ടു. ശേഷം കുമരംകോട് ബെസ്റ്റ് ബേക്കറി ബേക്ക് ഹൗസിൽ എത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിക്കാനും സമയം മാറ്റിവെച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് എല്ലാ പഞ്ചായത്തിലും എത്തി. വീടുകളും തൊഴിലിടങ്ങളും സന്നദ്ധ സേവന സ്ഥാപനങ്ങളും സന്ദർശിച്ച് സൗഹൃദം പങ്കുവെച്ചു. പാമ്പാടി പൊത്തൻപുറം ബ്ലോസം സ്‌കൂൾ സന്ദർശിച്ചശേഷം കുട്ടികളോടും അദ്ധ്യാപകരോടുമൊപ്പം അൽപസമയം ചെലവഴിച്ചു. കോത്തലയിലെ ഗ്രാൻഡ് കേബിൾസിലെ തൊഴിലാളികളെയും കണ്ടു. എക്‌സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളിലാണ് വിശ്വാസമെന്നും ജെയ്ക് സി. തോമസ് പ്രതികരിച്ചു. കൊട്ടിക്കലാശം ആത്മവിശ്വാസം വർധിപ്പിച്ചു. സർക്കാറിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും ജെയ്ക് പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻലാൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും അയർക്കുന്നം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമായിരുന്നു സമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും കടകളിൽ കയറിയും പ്രധാനപ്പെട്ട ആളുകളെ സന്ദർശിച്ചും വോട്ട് അഭ്യർത്ഥിച്ചു. അതിരറ്റ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ലിജിൻലാൽ പറഞ്ഞു.

അതേസമയം ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയാണെന്ന് മകൾ അച്ചു ഉമ്മൻ. അവസാന യാത്രയയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കും. ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം കിട്ടുമെന്നും ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതുപ്പള്ളിക്ക് പുറമേ മറ്റിടങ്ങളിലും ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ത്രിപുരയിലെ 2 മണ്ഡലങ്ങളിലെയും യു പിയിലെ ഘോസിയിലെ തെരഞ്ഞെടുപ്പും 'ഇന്ത്യ' മുന്നണിയെയും ബിജെപിയെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. നിലവിൽ കേവല ഭൂരപക്ഷത്തേക്കാൾ ഒരു സീറ്റ് മാത്രം അധികമുള്ള ബിജെപിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലും ബോക്‌സാനഗറിലും അഗ്‌നി പരീക്ഷയാണ്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് ബിജെപി നീക്കം. പുതുപ്പള്ളിക്കൊപ്പം വെള്ളിയാഴ്ചയാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.

ത്രിപുരയിൽ രണ്ട് ഇടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോൺഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടുന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധൻപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാർത്ഥി. ത്രിപുരയിലെ ബോക്‌സാനഗറിൽ സി പി എമ്മിന്റെ എം എം എൽ എ ആയിരുന്ന ഷംസുൽ ഹഖ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ ഷംസുൽ ഹഖിന്റെ മകൻ മിയാൻ ഹുസൈനാണ് സി പി എം സ്ഥാനാർത്ഥി. ബോക്‌സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പിന്തുണയുണ്ട്. നിലവിൽ കേവല ഭൂരപക്ഷത്തേക്കാൾ ഒരു സീറ്റ് മാത്രം അധികമുള്ള ബിജെപി ധൻപ്പൂരിലും ബോക്‌സാനഗറിലും വലിയ പ്രചരണം ആണ് നടത്തിയത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ബോക്‌സാനഗറിൽ തഫാജൽ ഹുസൈനാണ് ബിജെപി സ്ഥാനാർത്ഥി. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് ബിജെപി നീക്കം.