- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
37 കാരനായ ചാണ്ടി ഉമ്മന് ഇത് കന്നിയങ്കം; 33 കാരനായ ജെയ്ക്കിന് ഇത് മൂന്നാമങ്കം; അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു എന്ന് ചാണ്ടി ഉമ്മനെ ആശീർവദിച്ച് എ കെ ആന്റണി; മണ്ഡലം തങ്ങൾക്ക് അനുകൂലമെന്ന അവകാശവാദത്തോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് എൽഡിഎഫ് ഇറങ്ങിയതോടെ യുവാക്കളുടെ തീപാറും പോരാട്ടത്തിന് കളമൊരുങ്ങി
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇക്കുറി നടക്കുന്ന ശക്തമായ രാഷ്ട്രീയ മത്സരം മാത്രമല്ല, യുവാക്കൾ തമ്മിലെ തീപാറും പോരാട്ടവും. 33 കാരനായ ജെയ്ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണെങ്കിൽ, 37 കാരനായ ചാണ്ടി ഉമ്മന് ഇത് കന്നിയങ്കമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന മണ്ഡലത്തിൽ, ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചാരണത്തിലും ഏറെ മുന്നിലായി. ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനമാണ് പുരോഗമിക്കുന്നത്. 14 ന് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. 'ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന്' അനുഗ്രഹിച്ച് ചാണ്ടി ഉമ്മനെ മത്സരത്തിന് എ.കെ. ആന്റണി അയച്ചതാണ് ഇന്നത്തെ കാഴ്ച. എ.കെ. ആന്റണിയുടെ വസതിയിലെത്തിയ ചാണ്ടി ഉമ്മനെ അദ്ദേഹം കണ്ണടച്ച് പ്രാർത്ഥനാനിർഭരമായ മനസ്സോടെയാണ് അനുഗ്രഹിച്ചയച്ചത്. കൂടിക്കാഴ്ചക്കുശേഷം ആന്റണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു'.
'ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് അവർ ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. ആ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ പുതുപ്പള്ളിയിൽ ചരിത്രവിജയമുണ്ടാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ പുതുപ്പള്ളിയിലേക്ക് പോകും'- ആന്റണി പറഞ്ഞു.
മാതാപിതാക്കളെപ്പോലെയാണ് ആന്റണിയും ഭാര്യയുമെന്നും അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ു.
ചാണ്ടി ഉമ്മൻ വെള്ളിയാഴ്ച എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖരെയും കണ്ടു. ശനിയാഴ്ച മുതൽ പ്രവർത്തകർ ഗൃഹസമ്പർക്കം തുടങ്ങും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചാണ്ടി ഉമ്മനായി പ്രചാരണത്തിനെത്തും.
മൂന്നാമങ്കത്തിന് ജെയ്ക്
എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് 17-ന് പത്രിക നൽകും. ഇടതുമുന്നണി ബൂത്ത് കമ്മിറ്റികളുടെയും പഞ്ചായത്തുകമ്മിറ്റികളുടെയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 16-ന് നിയോജകമണ്ഡലം കൺവെൻഷൻ ചേരും. സിപിഎം. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 14-ന് പാമ്പാടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഘട്ടങ്ങളിലായി മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
സിപിഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി., ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പ്രകാശ്ബാബു, പി.സന്തോഷ് കുമാർ എംപി., സിപിഐ.മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, ജി.ആർ. അനിൽ, ജെ.ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ജെയ്ക് സി. തോമസിനായി പ്രചാരണത്തിനെത്തും.
പുതുപ്പള്ളിയിൽ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക്ക് എല്ലാവർക്കും സുപരിചിതനാണ്. ഉയർന്ന രാഷ്ട്രീയ നിലവാരമുള്ള യുവജന നേതാവായ ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പുതുപ്പള്ളിയിൽ കാര്യങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണ്. ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം പോലും തികയാതെ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മരണം സ്വഭാവികമാണ്. മണ്ഡലത്തിൽ എൽ.ഡി.എഫ്. രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്. കോൺഗ്രസ് തിരത്തെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണെന്നും ഇ.പി. പറഞ്ഞു. കേരളത്തിൽ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്ന സർക്കാരാണ് എൽ.ഡി.എഫ്. സർക്കാർ. ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവർത്തിയുടേതിന് സമാനമാണ് കേരളത്തിലെ ഭരണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു
കോട്ടയം മണർകാട് സ്വദേശിയായ ജെയ്ക്ക് എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സിപിഎം. ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 33-കാരനായ ജെയ്ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്.
2016-ലാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയത്. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻ ചാണ്ടിയും ജെയ്ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻ ചാണ്ടി ജയിച്ചത്.
എൻഡിഎയും തയ്യാറെടുക്കുന്നു
എൻഡിഎ സ്ഥാനാർത്ഥിയെ കൂടി നിശ്ചയിക്കുന്നതോടെ, മണ്ഡലത്തിൽ തീ പാറുന്ന മത്സരം നടക്കും. ഇന്ന് തൃശൂരിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ബിജെപി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇന്നത്തെ യോഗത്തിനുശേഷം സെൻട്രൽ പാർലമെന്റ് ബോർഡ് ബിജെപി സ്ഥാനാർത്ഥിയെ ഇന്നു വൈകിട്ടോ ഞായറാഴ്ചയോ പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ