- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയ്ക് സി തോമസിന് 2.06 കോടിയുടെ സ്വത്ത്; കൈവശം 4000 രൂപ; ബാങ്കിലും കെ എസ് എഫ് ഇയിലും 7.11 ലക്ഷത്തിന്റെ വായ്പാ ബാധ്യത; നാലു പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ; ഒരുകേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് 2.06 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലം. വെള്ളൂർ, മണർകാട് വില്ലേജുകളിലെ ഭൂമിയും മണർകാട് പഞ്ചായത്തിലെ കെട്ടിടങ്ങളും ഉൾപ്പെടെയാണിത്. കൈവശമുള്ളത് 4000 രൂപയാണെന്നും ജെയ്ക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ബാങ്കിലും കെ.എസ്.എഫ്.ഇ.യിലും 7.11 ലക്ഷത്തിന്റെ വ്യക്തിഗത വായ്പബാധ്യത ജെയ്ക്കിനുള്ളതായാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പക്കലുള്ളത് 2000 രൂപയാണ്. ജോയന്റ് അക്കൗണ്ട് ഉൾപ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളായി 1,07,956 രൂപയുടെ നിക്ഷേപം. ഗീതുവിന് ബാങ്ക് നിക്ഷേപവും ജംഗമവസ്തുക്കളുമായി 5,55,582 രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ജെയ്ക്കിന്റെ പേരിൽ ചാലക്കുടി, വള്ളിക്കുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചു, മാരകായുധങ്ങളുമായി സംഘം ചേർന്നു, സർക്കാരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു കേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലയിലെ എൽ.ഡി.എഫ് നേതാക്കളായ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ എന്നിവരാണ് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നത്. നേരത്തെ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് സംസ്ഥാന നേതാക്കൾക്കൊപ്പമാണ് ജയിക് സി തോമസ് പത്രികാ സമർപ്പണത്തിനായിതാലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ, കെ.ജെ തോമസ്, കെ സുരേഷ് കുറുപ്പ് ,കെ എം രാധാകൃഷ്ണൻ ,കടന്നപ്പള്ളി രാമചന്ദ്രൻ, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, സണ്ണി തോമസ്, തുടങ്ങിയവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു .വിപുലമായ പരിപാടികൾ ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു പത്രികാസമർപ്പണം.
എന്നാൽ ജില്ലയിലെ യുവജന ,വിദ്യാർത്ഥി നേതാക്കളടക്കം നിരവിധി പേർ സ്ഥാനാർത്ഥിയെ, അനുഗമിച്ചു .ഡി. വൈ. എഫ് .ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം കൂടിയായ ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാൻ ഉള്ള തുക ഡി.വൈ.എഫ്. ഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് സമാഹരിച്ച് നൽകിയത്. ജില്ലാ ഭാരവാഹികളായ ബി .സുരേഷ് കുമാറും ,ബി. മഹേഷ് ചന്ദ്രനും ചേർന്നാണ് തുക കൈമാറിയത്.
മറുനാടന് മലയാളി ബ്യൂറോ