കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ, സ്ഥാനാർത്ഥികളുടെ അന്തിമചിത്രം തെളിഞ്ഞു. ആകെ പത്രിക നൽകിയ 10 സ്ഥാനാർത്ഥികളിൽ 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ആകെ 19 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആർഡിഓ വിനോദ് രാജൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ഇ.ദിൽഷാദ് എന്നിവർ മുമ്പാകെ പത്രിക സമർപ്പിച്ചത്. അപരന്മാരില്ല എന്നത് ശ്രദ്ധേയമാണ്. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി.തോമസ് (എൽഡിഎഫ്), ജി.ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി.കെ.ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ.പത്മരാജൻ, മഞ്ജു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു.

കഴിഞ്ഞദിവസം കൊടുത്ത പത്രികയിൽ കേസ് സംബന്ധിച്ച വിവരങ്ങൾ പൂർണമാകാത്തതിനാൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് പത്രിക പുതുക്കി നൽകി. ഒരു കേസിന്റെ വിവരം ചേർക്കാൻ വിട്ടുപോയതാണ് പുതുക്കിനൽകാൻ കാരണം. പത്രികയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു.ജെയ്ക്കിന് 2.08 കോടി, ലിജിൻ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തി

സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.