കോട്ടയം:പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടികയ്ക്ക് എതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് അർഹരായ നിരവധി സമ്മതിദായകരെ സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസ് അയച്ചു.

2023 ഓഗസ്റ്റ് 17-നുള്ളിൽ ഇ-റോൾ അപ്‌ഡേഷൻ പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം. എന്നാൽ ഓഗസ്റ്റ് 10-ന് ശേഷം അപേക്ഷ സമർപ്പിച്ച പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി ചാണ്ടി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്നും അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

അഡ്വക്കേറ്റ് വിമൽ രവി മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ(ഇറോൾ അപ്‌ഡേഷൻ) പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷൻ കമ്മിഷൻ വാദം. എന്നാൽ ഓഗസ്റ്റ് 10നു ശേഷം അപേക്ഷ സമർപ്പിക്കപ്പെട്ട പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

1,76,412 വോട്ടർമാരാണ് പുതുപ്പള്ളിയിലെ അന്തിമ വോട്ടർപട്ടികയിലുള്ളത്. മണ്ഡലത്തിൽ ആകെ 957 പുതിയ വോട്ടർമാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടർമാർ കൂടി പട്ടികയിലുണ്ട്. മണ്ഡലത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീവോട്ടർമാരാണുള്ളത്. 90,277 സ്ത്രീ വോട്ടർമാരും 86,131 പുരുഷ വോട്ടർമാരും മണ്ഡലത്തിലുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട നാല് വോട്ടർമാരുമുണ്ട്.

50നും 59നും ഇടയിലാണ് മണ്ഡലത്തിലെ വോട്ടർമാരിൽ കൂടുതൽ പേരുടെയും പ്രായം. 20.08 ശതമാനം വോട്ടർമാരാണ് ഈ പ്രായപരിധിയിൽ വരുന്നത്. 90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 ശതമാനവും 20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 ശതമാനവും 30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 ശതമാനവുമാണ് മണ്ഡലത്തിലുള്ളത്.

പുതുപ്പള്ളിയിൽ ഏഴ് സ്ഥാനാർത്ഥികൾ

പുതുപ്പള്ളിയിൽ ഏഴ് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടാകും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്. സൂക്ഷ്മ പരിശോധനയിൽ സ്വീകരിക്കപ്പെട്ട നാമനിർദ്ദേശ പത്രിക ഒന്നും തന്നെ പിൻവലിക്കപ്പെട്ടിട്ടില്ല. സ്ഥാനാർത്ഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.

മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം ആംആദ്മി പാർട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ.

സ്ഥാനാർത്ഥികളും പാർട്ടിയും ചിഹ്നവും

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ

ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), - ചുറ്റിക, അരിവാൾ, നക്ഷത്രം

ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര

ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്

പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർത്ഥി ) ചക്ക

ഷാജി(സ്വതന്ത്രസ്ഥാനാർത്ഥി)- ബാറ്ററി ടോർച്ച്

സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർത്ഥി) -ഓട്ടോറിക്ഷ