പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ആവേശത്തിമിർപ്പിലാണ്. പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നു. പാമ്പാടി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടക്കുക. അതിനിടെ സോഷ്യൽ മീഡിയയിൽ തുടരുന്ന മുന്നണികൾ തമ്മിലുള്ള പോര് സ്ഥാനാർത്ഥികളുടെ വാക്‌പോരിലേക്കും നീങ്ങി.

ആദ്യം ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയായിരുന്നു സൈബറാക്രമണം. പിന്നീട് അത് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിന് എതിരെയായി. അച്ചുവും, ഗീതുവും സൈബറാക്രമണത്തിന് എതിരെ പരാതി നൽകുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഓഡിയോയാണ് അവസാന നാളിൽ വിവാദത്തിനിടയാക്കിയത്.

സൈബർ ആക്രമണവും വേട്ടയാടലും പുതുപ്പള്ളിയിൽ ഏശില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, സൈബർ പ്രചാരണത്തെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചു. മനസ്സാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സിപിഎം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുന്നു. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യുഡിഎഫ് ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സൈബർ ആക്രമണത്തിനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും രംഗത്തെത്തി. കോൺഗ്രസ് നേതൃത്വം തിരുത്താൻ തയ്യാറാകുന്നില്ലെന്ന് ജെയ്ക്ക് സി തോമസ് കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരുടെയും വ്യക്തിപരമായ കാര്യങ്ങളല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മണ്ഡലത്തിലെ വികസനവും ജീവിത പ്രശ്‌നങ്ങളുമാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ, ചർച്ചകൾ മറ്റ് വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കണമെന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായി. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ താൻ സൈബർ ആക്രമണങ്ങൾ നേരിടുകയാണ്. കോൺഗ്രസ് നേതാക്കളാരും ഈ പ്രചാരണം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജെയ്ക്ക് സി തോമസ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച കോട്ടയം എസ്‌പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർത്ഥിക്കുന്ന വിഡിയോ ഉൾപ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.