പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ, മുന്നണികൾക്ക് ശുഭപ്രതീക്ഷ നൽകി കൊണ്ട് മികച്ച പോളിങ്. 5.00 മണിവരെയുള്ള പോളിങ് ശതമാനം: 70.77% പോൾ ചെയ്ത വോട്ട് : 124859, പുരുഷന്മാർ: 62100, സ്ത്രീകൾ: 62757 ട്രാൻസ്‌ജെൻഡർ: 2

റെക്കോഡ് പോളിങ് ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്‌തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് തുടരുകയാണ്. രാവിലെ ഏഴുമണിക്ക് തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.

നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തി. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.

വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടർമാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത് അയർക്കുന്നത്തും വാകത്താനത്തുമാണ്. അയർക്കുന്നം വാകത്താനം പഞ്ചായത്തുകളിൽ 28 പോളിങ് ബൂത്തുകൾ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം. പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ മൊബൈലിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സായുധസേന ഉൾപ്പെടെ 675 പൊലീസുകാർ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ മേൽനോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്‌പിമാർക്കുമാണ്. കൂടാതെ 64 അംഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മരണത്തേത്തുടർന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്.