- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിലെ വീറും വാശിയുമുള്ള മത്സരത്തിൽ പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര; പ്രാഥമിക കണക്കുകളിൽ 71.68 ശതമാനം പോളിങ്; ആറുമണിക്ക് മുമ്പ് വരിയിൽ ഇടം പിടിച്ചവരും വോട്ടവകാശം വിനിയോഗിച്ചു
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ, വോട്ടെടുപ്പ് സമയം അവസാനിച്ചു. ആറ് മണി കഴിഞ്ഞ് ക്യൂവിൽ ഉണ്ടായിരുന്ന ആളുകൾക്ക് പോളിങ് സ്റ്റേഷന്റെ ഗേറ്റ് അടച്ചശേഷം സ്ലിപ് നൽകി വോട്ടവകാശം വിനിയോഗിക്കുന്നതിന് അവസരം നൽകി. പ്രാാഥമിക കണക്കുകൾ പ്രകാരം 71.68 ശതമാനം പോളിംഗാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്. അന്തിമ പോളിങ് ശതമാനത്തിൽ മാറ്റം വരും.
മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് നടന്നു. രാവിലെ ഏഴുമണിക്ക് തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവർക്ക് സമയം നീട്ടി നൽകണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാൾക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളിൽ പ്രശ്നമുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫിസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിിയരുന്നു. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിയവരിൽ കൂടുതൽ. 58,900 സ്ത്രീകൾ ഇതുവരെ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.
എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് യു.പി. സ്കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക് സ്കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചർച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രതികരണം.
1,76,417 വോട്ടർമാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത് അയർക്കുന്നത്തും വാകത്താനത്തുമാണ്. അയർക്കുന്നം വാകത്താനം പഞ്ചായത്തുകളിൽ 28 പോളിങ് ബൂത്തുകൾ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം.
ഉമ്മൻ ചാണ്ടിയുടെ മരണത്തേത്തുടർന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ