കോട്ടയം: പ്രചാരണത്തിലുടനീളം ആരോപണ-പ്രത്യാരോപണങ്ങൾ നിറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസവും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. തന്നെ ഗൂണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പ് പരിധിയിൽ വരുന്ന എട്ടു പഞ്ചായത്തുകളിലും നിരവധിപേർ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. പരാതി അറിഞ്ഞ് ചോദിക്കാൻ ചെന്ന തന്നെ ചില ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നൽകിയിട്ടും കൂടുതൽ മെഷീൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. അവരെ വിടുന്നത് 4 മണിക്ക് മാത്രമായിരുന്നു. എന്തുകൊണ്ട് ഔക്‌സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണ്. ആ ഗുണ്ടകൾ ആരാണ് എന്ന് പറയുന്നില്ലെന്നും എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചില ബൂത്തുകളിൽ പോളിങ് വേഗത കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.

ചില ബൂത്തുകളിൽ മാത്രം പോളിങ് വൈകിയത് സംശയകരമാണ്. കലക്ടറോട് പരാതി പറഞ്ഞതായും ചാണ്ടി ഉമ്മൻ പറഞ്ഞു. പരാതികൾ പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവർക്ക് സമയം നീട്ടി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാൾക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളിൽ പ്രശ്‌നമുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫിസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ജയ്ക്കിനായി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനാപേക്ഷ

അതിനിടെ, വോട്ടെടുപ്പ് നാളിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനാപേക്ഷയും വിവാദമായി. പുതുപ്പള്ളിയിലെ 'പുതിയ പുണ്യാള'നായ ഉമ്മൻ ചാണ്ടി ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജെയ്ക് സി. തോമസിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നാണ് അപേക്ഷ.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി. ചാണ്ടിസാറേ... സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ' എന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.

മെൽബിൻ സെബാസ്റ്റ്യൻ എന്ന ഫേസ്‌ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ആയതിനാൽ പുതുപ്പള്ളിയിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി പ്രാർത്ഥിച്ചതായും യഥാർഥ പുണ്യാളൻ ആരാണെന്ന് സെപ്റ്റംബർ എട്ടിന് അറിയാമെന്നും 'മെൽബിൻ' ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പ് സ്ഥാപിച്ചത് ഇടതുപക്ഷ പ്രവർത്തകരാണെന്നും തെരഞ്ഞെടുപ്പ് ദിനത്തിലും ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.