കോട്ടയം: ഇനി പുതുപ്പള്ളിയുടെ ഫലമറിയാനുള്ള കാത്തിരിപ്പ്. ഉപതെരഞ്ഞെടുപ്പിൽ 73.05 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോഴും പല ബൂത്തുകളിലും ക്യൂവിൽ ആളുകളുണ്ടായിരുന്നു. പോളിങ് സ്റ്റേഷന്റെ ഗെയ്റ്റ് അടച്ച ശേഷം വോട്ടർമാർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകി.

182 പോളിങ് സ്റ്റഷനുകളിലായി 73.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ആറു മണി ആയിട്ടും അവസാനിച്ചിരുന്നില്ല. ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകൾക്ക് ടോക്കൺ നൽകുകയായിരുന്നു.

വൈകുന്നേരം അഞ്ച് മണിവരെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.10 മണിക്കൂർ പിന്നിടുമ്പോൾ 126467 വോട്ടുകളാണ് ആകെ പോൾ ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.

നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിയിരുന്നു. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിയവരിൽ കൂടുതൽ. 58,900 സ്ത്രീകൾ ഇതുവരെ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചർച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രതികരണം.

1,76,417 വോട്ടർമാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത് അയർക്കുന്നത്തും വാകത്താനത്തുമാണ്. അയർക്കുന്നം വാകത്താനം പഞ്ചായത്തുകളിൽ 28 പോളിങ് ബൂത്തുകൾ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം.

ഉമ്മൻ ചാണ്ടിയുടെ മരണത്തേത്തുടർന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്.

പോളിങ് വൈകിയതിന് എതിരെ പരാതി

പചാരണത്തിലുടനീളം ആരോപണ-പ്രത്യാരോപണങ്ങൾ നിറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസവും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. തന്നെ ഗൂണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പ് പരിധിയിൽ വരുന്ന എട്ടു പഞ്ചായത്തുകളിലും നിരവധിപേർ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. പരാതി അറിഞ്ഞ് ചോദിക്കാൻ ചെന്ന തന്നെ ചില ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

ചില ബൂത്തുകളിൽ മാത്രം പോളിങ് വൈകിയത് സംശയകരമാണ്. കലക്ടറോട് പരാതി പറഞ്ഞതായും ചാണ്ടി ഉമ്മൻ പറഞ്ഞു. പരാതികൾ പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവർക്ക് സമയം നീട്ടി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാൾക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളിൽ പ്രശ്‌നമുണ്ടെന്നാണു മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫിസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആരോപണവുമായി തിരുവഞ്ചൂരും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പോളിങ് പിടിച്ചുനിർത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന ആരോപണമുയർത്തി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

വോട്ടിംഗിന്റെ വേഗം കുറയ്ക്കണമെന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം ലഭിച്ചിരുന്നതായും ഈ നടപടിക്ക് പിന്നിൽ സിപിഎം ആണെന്നും തിരുവഞ്ചൂർ ആരോപിച്ചു. ആരോപണത്തിന് സർക്കാർ മറുപടി നൽകണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്ഥാനാർത്ഥികൾ

ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസും. ഫേസ്‌ബുക്കിലൂടെയാണ് ഇരുസ്ഥാനാർത്ഥികളും നന്ദി പറഞ്ഞത്.

ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാൻ പോളിങ് ബൂത്തിലെത്തിയ ഓരോ പുതുപ്പള്ളിക്കാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ കുറിപ്പ്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ വസന്തോത്സവമാണ്. മാറ്റത്തിനും മുന്നേറ്റത്തിനും ആത്യന്തികമായി വികസനത്തിലൂന്നിയ പുതിയ പുതുപ്പള്ളിക്കുമായി സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും നന്ദിയെന്ന് ജെയ്കും ഫേസ്‌ബുക്കിൽ കുറിച്ചു.