പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പോളിങ് ആണ് രേഖപ്പെടുത്തിയതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. 2021ലെ തിരഞ്ഞെടുപ്പിനേക്കാൾ 1.98% കുറവാണ് ഇത്. ആകെ 1,28,624 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 182 പോളിങ് സ്റ്റേഷനുകളിൽ 179 ഇടത്തും ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്കുതന്നെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

വോട്ടിങ് യന്ത്രത്തിന്റെ വേഗതക്കുറവ് പലയിടത്തും വോട്ടർമാരുടെ നീണ്ടനിര സൃഷ്ടിച്ചിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് വോട്ടുചെയ്യാനായതെന്ന് പലരും പരാതിപ്പെട്ടു. വോട്ടിങ് യന്ത്രങ്ങളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും വൈകുന്നേരം സ്‌ട്രോങ് റൂമായ ബസേലിയോസ് കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

അതേസമയം, പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഇരുമുന്നണികളുടെയും ആത്മവിശ്വാസത്തിന് കുറവില്ല. ചാണ്ടി ഉമ്മന് നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടുന്ന യുഡിഎഫ് പോളിങ് ശതമാനം കുറയ്ക്കാൻ ഉദ്യോഗസ്ഥ ഒത്താശയോടെ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവും മുന്നോട്ടുവയ്ക്കുന്നു.

പുതുപ്പള്ളിയിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ബോധപൂർവമുണ്ടാക്കിയ കെണിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണ്. മുഴുവൻ യു ഡി എഫ് വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിന് പരാജയഭീതിയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അത് മറച്ചുവയ്ക്കാനാണ് ബിജെപി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല അത്. ബിജെപി കോൺഗ്രസിന് വോട്ട് ചെയ്യുക. അങ്ങിനെ ഒരു സംഭവമുണ്ടോ ഇന്ത്യാ രാജ്യത്ത്. സിപിഎമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അത് കോൺഗ്രസ് മുക്തഭാരതമുണ്ടാക്കാനാണ്, സുധാകരൻ പറഞ്ഞു.

ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് എം വി ഗോവിന്ദൻ

ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്. ബിജെപി വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാനാകില്ല. ആ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംശയിക്കുന്നു. കൗണ്ടിംഗിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും. ബൂത്തുകളിൽ വോട്ടിങ് വൈകിപ്പിച്ചെന്നത് യുഡിഎഫിന്റെയും ചാണ്ടി ഉമ്മന്റെയും ആരോപണം മാത്രമാണെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

'താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്‌നം ഇത്രയേയുള്ളൂ, ബിജെപിക്ക് പത്ത് പത്തൊൻപതിനായിരം വോട്ടുണ്ട് അവിടെ. ആ ബിജെപി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോൾ മാത്രമേ അത് മനസിലാകുകയുള്ളൂ. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കും',- സി പി എം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിലെ വിധി സർക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെയും ഗോവിന്ദൻ പ്രതികരിച്ചു. ഈ വിധിയോടെ സർക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആരു ജയിക്കും, തോൽക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതെ അവകാശവാദങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന - രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളത്'.- എം വി ഗോവിന്ദൻ പറഞ്ഞു.