തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ ഫലമറിയാൻ ഇനി ഒരുദിവസം കൂടി കാത്തിരുന്നാൽ മതി. പോളിങ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകുമെന്ന ആകാംക്ഷയിലാണ് മുന്നണികൾ. അതേസമയം, യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവർ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. എക്‌സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.

ചാണ്ടി ഉമ്മന് 18,000 ൽ അധികം ഭൂരിപക്ഷം കിട്ടാൻ സാധ്യയുടെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. പുരുഷ വോട്ടർമാരിൽ 50 ശതമാനം പേരും സ്ത്രീ വോട്ടർമാരിൽ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്‌തെന്നാണ് എക്‌സിറ്റ് പോൾ കണ്ടെത്തൽ. ഇടത് മുന്നണിക്ക് പുരുഷ വോട്ടർമാരിൽ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടർമാരിൽ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്‌സിറ്റ് പോൾ കണക്കുകൾ പറയുന്നു. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടർമാരെ നേരിട്ട് കണ്ടാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ തയ്യാറാക്കിയത്.

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പോളിങ് ആണ് രേഖപ്പെടുത്തിയതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. 2021ലെ തിരഞ്ഞെടുപ്പിനേക്കാൾ 1.98% കുറവാണ് ഇത്. ആകെ 1,28,624 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 182 പോളിങ് സ്റ്റേഷനുകളിൽ 179 ഇടത്തും ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്കുതന്നെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

വോട്ടിങ് യന്ത്രത്തിന്റെ വേഗതക്കുറവ് പലയിടത്തും വോട്ടർമാരുടെ നീണ്ടനിര സൃഷ്ടിച്ചിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് വോട്ടുചെയ്യാനായതെന്ന് പലരും പരാതിപ്പെട്ടു. വോട്ടിങ് യന്ത്രങ്ങളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും വൈകുന്നേരം സ്‌ട്രോങ് റൂമായ ബസേലിയോസ് കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.