- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളമുറക്കാരുടെ പുതുപ്പള്ളി പോരിൽ ആരുജയിച്ചുകയറും? മണ്ഡലത്തിലെ ആ പുതുമുഖത്തെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകൾ ആദ്യ രണ്ട് റൗണ്ടിൽ എണ്ണി തീരുമ്പോഴേക്കും ട്രെൻഡറിയാം; അവകാശവാദങ്ങളിൽ ഉറച്ച് മുന്നണികൾ; വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി; എട്ടേകാലോടെ ആദ്യഫലസൂചന
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി പുതുപ്പള്ളിയിൽ നിന്നുവരുന്ന പുതുമുഖം ആരായിരിക്കും. മണ്ഡലത്തിലെ ഫലം വരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും, അവകാശവാദങ്ങൾക്ക് കുറവില്ല. വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളജിലെ സ്‌ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക. തുടർന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപൊലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും
അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ൽ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ കിട്ടിത്തുടങ്ങും.
ഫലമറിയാൻ
പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. സെപ്റ്റംബർ എട്ടിന് രാവിലെ എട്ടുമണി മുതൽ ഫലം ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ഹെൽപ്ലൈൻ (Voter Helpline) എന്ന മൊബൈൽ ആപ്പിലും രാവിലെ എട്ടുമണിമുതൽ ഫലം ലഭ്യമാകും. ഗൂഗിൾ പ്‌ളോ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്ആപ്ലിക്കേഷനായ റിസൽട്ട് ട്രെൻഡ് ടിവിയിലും(https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാവിലെ എട്ടുമണി മുതൽ ഫലം ലഭ്യമായിത്തുടങ്ങും.
മുന്നണികളുടെ പ്രതീക്ഷകൾ
പുതുപ്പള്ളിയിൽ 72.86% പോളിങ്ങാണ് രേഖപ്പെടുത്തിയത്.തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74. 84 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എൽഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാൽ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സർവേകളും എക്‌സിറ്റ് പോളുകളും തങ്ങൾക്ക് അനുകൂലമായതോടെ ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്.
സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഫലമെന്ന് എം വി ഗോവിന്ദൻ നേരത്തെ പ്രഖ്യാപിച്ചതോടെ, യുഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടിയാൽ അത് എൽഡിഎഫിന് വലിയ തിരിച്ചടിയാകും. ബിജെപി വോട്ട് കോൺഗ്രസിന് പോയില്ലെങ്കിൽ, ജെയ്ക് ജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇത് തോൽവി സമ്മതിക്കലാണെന്ന് യുഡിഎഫും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെയായിരുന്ന പശ്ചാത്തലത്തിൽ, ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20000 കവിഞ്ഞാൽ അത് എൽഡിഎഫിന് തിരിച്ചടിയാകും. ജെയ്ക് ജയിച്ചാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാറുകയും ചെയ്യും. 2021ൽ ബിജെപിയുടെ എൻ. ഹരി 11,694 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ വോട്ടുവിഹിതം വർധിപ്പിച്ചാൽ അതും സിപിഎമ്മിന്റെ മറുപടികളെ ദുർബലമാക്കും.
മറുനാടന് മലയാളി ബ്യൂറോ