- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ; സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പ്രതിഫലിക്കും; പിതാവിനെ ദൈവമായാണ് കാണുന്നതെന്നും പ്രതികരണം; പുതുപ്പള്ളിയുടെ മാറ്റത്തിനായുള്ള വോട്ടെന്ന് ജെയ്ക്; എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത് പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചശേഷം
പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർത്ഥികൾ. കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിക്കൊപ്പം വോട്ടുചെയ്യാനെത്തി. കണിയാകുന്ന് എൽ.പി. സ്‌കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് സി. തോമസ് വോട്ടുചെയ്തത്. പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചശേഷമായിരുന്നു ജെയ്ക് വോട്ടുചെയ്യാനെത്തിയത്. 8.50 ഓടെയാണ് ജെയ്ക് വോട്ടുരേഖപ്പെടുത്തിയത്.
രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതൽ മിക്ക ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. മഴ മാറി നിൽക്കുന്നതിനാൽ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ.
വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപ്പള്ളി പള്ളിയിൽ എത്തി പ്രാർത്ഥനകൾക്കും വിവിധ ബൂത്തുകളിലെ സന്ദർശനത്തിനും ശേഷം 9.30 ഓടെയാണ് ജോർജിയൻ പബ്ലിക് സ്‌കൂളിൽ ചാണ്ടി ഉമ്മൻ വോട്ടുരേഖപ്പെടുത്താൻ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പെന്ന നിലയിൽ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കാനുള്ള ജനങ്ങളുടെ താത്പര്യം ജനാധിപത്യവിശ്വാസികൾക്ക് ആഹ്ലാദം നൽകുന്നതാണ്. ഞങ്ങൾക്ക് ആഹ്ലാദമാണ്, മറ്റാർക്കൊക്കെ ഉണ്ട്, ഇല്ല എന്നറിയില്ല. സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനം എല്ലാ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാവും. അത് ഈ തിരഞ്ഞെടുപ്പിലുമുണ്ട്. യു.ഡി.എഫ്. മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ചാണ്ടിയുടെ പ്രതികരണം. ആരോഗ്യ സ്ഥിതിയെക്കുറിച്ചു ഉമ്മൻ ചാണ്ടി കഴിഞ്ഞ ഒക്ടോബർ ആദ്യവാരം ഡയറിയിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. സമയമാകുമ്പോൾ അത് പുറത്തുവിടും. തനിക്കു പിതാവ് ദൈവസമൻ. സത്യത്തിന്റെ മുഖം പുറത്തുവരുമെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.
മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങൾ വർധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് വോട്ടുചെയ്ത ശേഷം എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു. വിവാദങ്ങൾക്കോ വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തിരഞ്ഞെടുപ്പിൽ സ്ഥാനം. വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്നങ്ങളേയും സംബന്ധിച്ചാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സരമേയില്ല എന്ന അന്തരീക്ഷത്തിൽനിന്ന് ഇഞ്ചോടിച്ച് പോരാട്ടം എന്ന അന്തരീക്ഷത്തിലേക്ക് പുതുപ്പള്ളിയിലെ പോരാട്ടം മാറി. അനുദിനവും അനുനിമിഷവും കുതിച്ചുരയരുന്ന ജനപിന്തുണയുടെ ഗ്രാഫാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നിയോജക മണ്ഡലത്തിലുള്ളത്. ഭൂരിപക്ഷത്തെ സംബന്ധിച്ച് ആലങ്കാരികമായ പ്രഖ്യാപനം നടത്തുന്നില്ല. കഴിഞ്ഞ തവണതന്നെ മാറാനുറച്ച പുതുപ്പള്ളിയുടെ പ്രതികരണം എന്താണെന്ന് കണ്ടതാണ്. ആ സമയത്തെ മുന്നേറ്റത്തിന്റെ അഭംഗുരമായ തുടർച്ചയാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പുതിയ പുതുപ്പള്ളി സൃഷ്ടിക്കപ്പെടാൻ പോകുന്ന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണ് ഇന്നത്തേതെന്നും ജെയ്ക് അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ