- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവറയിൽ വിജയൻപിള്ളയോടും മകനോടും തോറ്റ ഷിബു ബേബി ജോൺ; ടി.എം ജേക്കബിനും അനൂപ് ജേക്കബിനും മുന്നിൽ വീണ എം.ജെ ജേക്കബ്; സമാനമായി സെബാസ്റ്റ്യൻ പോൾ; അച്ഛനോടും മകനോടും തോറ്റവരുടെ കൂട്ടത്തിൽ ഇപ്പോൾ ജെയ്ക്കും
പുതുപ്പള്ളി: അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയുടെ ജനനായകനായി മുന്നിൽ നിന്നു നയിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനെ മണ്ഡലത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുമ്പോൾ പരാജയത്തിൽ അപൂർവമായ ഒരു റെക്കോർഡ് പേരിൽ ചേർക്കുകയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജെയക് സി തോമസ്. ഒരു മണ്ഡലത്തിൽ അച്ഛനോടും മകനോടും തോറ്റവരുടെ പട്ടികയിലേക്കാണ് ജെയ്ക്കും ഇടംപിടിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. അച്ഛനോടും മകനോടും തോറ്റവരുടെ പട്ടികയിൽ ഷിബു ബേബി ജോണും ഇടതുസ്വതന്ത്രൻ സെബാസ്റ്റ്യൻ പോളുമടക്കമുള്ള നേതാക്കളുണ്ട്. ഒപ്പം സംസ്ഥാനത്തെ രാഷ്ട്രീയചരിത്രത്തിൽ, അച്ഛനെയും മകനെയും തോൽപ്പിച്ചവരുമുണ്ട്.
കഴിഞ്ഞ 53 വർഷമായി ഉമ്മൻ ചാണ്ടിയോടൊപ്പം സഞ്ചരിച്ച പുതുപ്പള്ളിയുടെ നായകനായി മകൻ ചാണ്ടി ഉമ്മൻ മാറുമ്പോൾ നാണക്കേടിന്റെ റെക്കോഡാണ് ജെയ്ക്കിന്റെ പേരിൽ ചേർക്കപ്പെടുന്നത്. 1970 മുതൽ അഞ്ച് പതിറ്റാണ്ടുകാലം 12 തിരഞ്ഞെടുപ്പിൽ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ ജയിപ്പിച്ച് അപൂർവ റെക്കോഡ് നൽകിയ പുതുപ്പള്ളിക്ക് അത്ര വേഗം മറന്നുകളയാനാകുന്നതായിരുന്നില്ല ഒ.സിയുടെ ഓർമകൾ. ഉമ്മൻ ചാണ്ടി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ജയിക്കുമോ എന്ന ചോദ്യത്തിനപ്പുറം ഭൂരിപക്ഷമെത്ര എന്ന കാര്യമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. അതിനുള്ള പുതുപ്പള്ളിയുടെ ഉത്തരം വൻ ഭൂരിപക്ഷം നൽകിയാണ് മകൻ ചാണ്ടി ഉമ്മനെ നിയമസഭയിലേക്ക് അയച്ചത്.
ഇത് മൂന്നാംവട്ടമാണ് ജെയ്ക് സി. തോമസ് പുതുപ്പള്ളിയിൽ ജനവിധി തേടിയത്. മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ ജെയ്ക്കിനെ കൈവിട്ടു. ഒരു മണ്ഡലത്തിൽ അച്ഛനോടും മകനോടും ഒരേ സ്ഥാനാർത്ഥി തന്നെ ഏറ്റുമുട്ടുന്നുവെന്ന കൗതുകമുണ്ടായിരുന്നു ഇത്തവണ ജെയ്ക്കിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്. എന്നാൽ അച്ഛനോടും മകനോടും ഒരേ മണ്ഡലത്തിൽ മത്സരിച്ച് തോറ്റവരുടെ കൂട്ടത്തിലേക്ക് ഇനി ജെയ്ക്കിന്റെ പേരുമെത്തുകയാണ്. കഴിഞ്ഞ രണ്ട് തവണയായി ഭൂരിപക്ഷം കുറച്ചുവന്ന ജെയ്ക്കിന് പക്ഷേ സഹതാപ തരംഗവും സർക്കാരിനെതിരായ ജനവികാരവും ഒന്നിച്ച് തരംഗമായി വന്നപ്പോൾ പിടിച്ചുനിൽക്കാനായില്ല. വലിയ തോൽവി അനിവാര്യമായി.
ആർ.എസ്‌പി നേതാവ് ഷിബു ബേബി ജോണിനും സിപിഎം നേതാവ് എം.ജെ. ജേക്കബിനും സെബാസ്റ്റ്യൻ പോളിനും അച്ചനോടും മകനോടും തോറ്റ ചരിത്രമുണ്ട്. 2011-ൽ ചവറ മണ്ഡലത്തെ പ്രതിനിധീകരിച്ച ഷിബു ബേബി ജോണിനെ 2016-ൽ ജനങ്ങൾ കൈവിട്ടു. സിപിഎമ്മിന്റെ വിജയൻപിള്ളയോടായിരുന്നു അദ്ദേഹത്തിന്റെ തോൽവി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഷിബു വീണ്ടും ജനവിധി തേടി. എന്നാൽ അന്ന് തോറ്റത് വിജയൻപിള്ളയുടെ മകൻ സുജിത് വിജയൻപിള്ളയോടായിരുന്നു.
സമാനമായിരുന്നു സിപിഎമ്മിന്റെ എം.ജെ ജേക്കബിന്റെയും ജനവിധി. 2006-ൽ ടി.എം ജേക്കബിനെ തോൽപ്പിച്ച് പിറവം മണ്ഡലം സ്വന്തമാക്കിയ എം.ജെ ജേക്കബിന് പക്ഷേ 2011-ൽ കാലിടറി. നിസാരമായ ഭൂരിപക്ഷത്തിന് ടി.എം ജേക്കബ് തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ 2012-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബിനോടും എം.ജെ ജേക്കബ് തോറ്റു. പിന്നീട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അനൂപ് ജേക്കബ് തന്നെ ജയിച്ചുകയറി.
സമാനമായ പരാജയം ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ നേരിട്ടു. 1998-ൽ എറണാകുളം ലോക്‌സഭാ സീറ്റിൽ സെബാസ്റ്റ്യൻ പോൾ ജോർജ് ഈഡനോട് തോറ്റു. പിന്നീട് 2011-ൽ എറണാകുളം നിയമസഭാ സീറ്റിൽ മകൻ ഹൈബി ഈഡനോടും സെബാസ്റ്റ്യൻ പോൾ തോറ്റു.
അച്ഛനെയും മകനെയും തോൽപ്പിച്ച സ്ഥാനാർത്ഥികളുമുണ്ട് കേരള രാഷ്ട്രീയത്തിൽ. ഈ പട്ടികയിൽ ഇടം നേടിയ ആളാണ് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. സിപിഎമ്മിന്റെ സി.പി കുഞ്ഞിനെയും മകൻ സി.പി മുസാഫർ അഹമ്മദിനെയും തോൽപ്പിച്ചിട്ടുണ്ട് മുനീർ. ഇന്നത്തെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലായിരുന്നു മുനീറിന്റെ വിജയം. 2016 ലെ തിരഞ്ഞെടുപ്പിൽ
ഇതേ പട്ടികയിൽ ഉൾപ്പെടുത്താനാകുന്ന വ്യക്തിയാണ് ജനതാദൾ നേതാവ് കെ. കൃഷ്ണൻകുട്ടിയും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ കെ. അച്യുതനെ തോൽപ്പിച്ച് നിയമസഭയിലെത്തി. പിന്നീട്, 2021-ലെ തിരഞ്ഞെടുപ്പിൽ കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതനെ 30,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്.
അച്ഛനെയും മകനെയും പരാജയപ്പെടുത്തിവരുടെ പട്ടികയിൽ സിപിഐയുടെ വി.വി. രാഘവനുമുണ്ട്. തൃശ്ശൂർ ലോകസ്ഭാ സീറ്റിൽ കെ.കരുണാകരനെ പരാജയപ്പെടുത്തിയ വി.വി. രാഘവൻ മകൻ മുരളീധരനെയും പരാജയപ്പെടുത്തി.
മുരളീധരന്റെ പരിഹാസം
'ജെയ്ക്കിന് ഒരു ഭാഗ്യം കിട്ടും. ഹാട്രിക്ക് പൂർത്തിയാക്കാൻ സാധിക്കും. അച്ഛനോടും മകനോടും തോറ്റെന്ന ഖ്യാതി അദ്ദേഹത്തിനുണ്ടാകും', ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ. മുരളീധരനിൽ നിന്നുമുണ്ടായ പരിഹാസ വാക്കുകളാണിത്.
എന്നാൽ ഒരേ സ്ഥാനാർത്ഥിയോട് തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രമുണ്ട് കെ. കരുണാകരനും പരിഹാസം ഉന്നയിച്ച മകൻ മുരളീധരനും. തൃശ്ശൂർ ലോകസ്ഭാ സീറ്റിൽ 1996-ൽ കെ.കരുണാകരൻ സിപിഐയുടെ വി.വി. രാഘവനോട് തോൽവി ഏറ്റുവാങ്ങി. കേവലം 1480 വോട്ടുകൾക്കാണ് കരുണാകരന് സീറ്റ് നഷ്ടമായത്. 1998-ൽ കെ. മുരളീധരനും ഇതേ വി.വി രാഘവനോട് തോറ്റു.
അച്ഛനെ തോൽപ്പിച്ച് മകനോട് പരാജയപ്പെട്ടയാളാണ് സിപിഎമ്മിന്റെ എം. വിജയകുമാർ. 1987-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ ജി.കാർത്തികേയനെ തോൽപ്പിച്ചെങ്കിലും 2015-ലെ ഉപതിരഞ്ഞെടുപ്പിൽ ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനോട് അരുവിക്കര മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു.
നേരെ മറിച്ചായിരുന്നു മാണി. സി കാപ്പന്റെ ജനവിധി. പാലയിൽ സാക്ഷാൽ കെ.എം മാണിയോട് മൂന്നു തവണ തോറ്റ മാണി സി. കാപ്പൻ മാണി സാറിന്റെ മരണശേഷം 2021-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ജോസ് കെ. മാണിയെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ