- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ മൂക്കുകുത്തി എൽ.ഡി.എഫ്; വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും 146 വോട്ടുകൾക്ക് ജെയ്ക്ക് പിന്നിൽ; വി.എൻ വാസവന്റെ ബൂത്തിലും തിരിച്ചടി; എൽഡിഎഫ് ഭരിക്കുന്ന ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് വ്യക്തമായ ലീഡ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ ചരിത്രം കുറിക്കുമ്പോൾ ശക്തികേന്ദ്രങ്ങളിൽ പോലും തകർന്നടിഞ്ഞ് എൽ.ഡി.എഫ്. എൽ.ഡി.എഫ് ഭരണത്തിലുള്ള പുതുപ്പള്ളി, പാമ്പാടി, വാകത്താനം, അകലക്കുന്നം, മണർകാട്, കൂരോപ്പട എന്നീ ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടിയാണ് നിയമസഭയിലേക്ക് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി എത്തുന്നത്.
ഒറ്റ ബൂത്തിൽ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ജെയ്ക് പിന്നിലായി.
പുതുപ്പള്ളിയിൽ ഒരു പഞ്ചായത്തിൽ പോലും മേൽക്കൈ നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. എട്ട് പഞ്ചായത്തിൽ എട്ടിടത്തും യു.ഡി.എഫിന്റെ വ്യക്തമായ തേരോട്ടമാണ് കണ്ടത്. നാല് പഞ്ചായത്തുകളിൽ അയ്യായിരത്തിലേറെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. 2021-ൽ മീനടം പഞ്ചായത്തിൽ എൽ.ഡി.എഫ്. മേൽക്കൈ നേടിയിരുന്നു. എന്നാൽ ഇത്തവണ മീനടവും ജെയ്ക്കിനെ കൈവിട്ടു.
എട്ട് പഞ്ചായത്തിൽ ആറ് പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫ്. ആണ്. രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫ്. ഭരിക്കുന്നത്. എന്നാൽ ഒരു പഞ്ചായത്തിൽ പോലും എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം നേടാനായില്ല. അയർക്കുന്നം, പുതുപ്പള്ളി, പാമ്പാടി, വാകത്താനം എന്നീ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു.
അയർക്കുന്നം - 5487, അകലക്കുന്നം - 4108, മണർകാട് - 3716, കുരോപ്പട - 4366, പുതുപ്പള്ളി - 5930, മീനടം - 2274, പാമ്പാടി - 5361, വാകത്താനം - 5425 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം.
11788 വോട്ടുകളാണ് അയർക്കുന്നത്ത് യുഡിഎഫ് നേടിയത്. എൽഡിഎഫ് ആകട്ടെ 6301 വോട്ടുകളും. അകലക്കുന്നത്ത് 7255 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 3104 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കൂരോപ്പടയിൽ 9595 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 5231 വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് വേരോട്ടമുള്ള പഞ്ചായത്തിൽ 1219 വോട്ടുകളാണ് ഈ പഞ്ചായത്തിൽ നേടാനായത്.
ഏറ്റവും കൂടുതൽ പോളിങ് നടന്ന പാമ്പാടിയിൽ യുഡിഎഫിന് 12443 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന് 7082 വോട്ടുകളാണ് ലഭിച്ചത്. പുതുപ്പള്ളിയിൽ യുഡിഎഫിന് 114897 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് 5657 വോട്ടുകളും. ചാണ്ടി ഉമ്മന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും പുതുപ്പള്ളി തന്നെയാണ്. 5830 ആണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. മീനടത്ത് യുഡിഎഫിന് 5000 വോട്ടുകളും എൽഡിഎഫിന് 2667 വോട്ടുകളും ലഭിച്ചു. വാകത്താനത്ത് 11986 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 6561 വോട്ടുകൾ നേടി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കുതിപ്പിൽ, വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസിന് തിളങ്ങാനായില്ല. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ഇടതുപക്ഷത്തിന് യുഡിഎഫിനെ മറികടക്കാനായില്ല. വി.എൻ വാസവന്റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.
മണർക്കാട് കണിയാൻകുന്ന് എൽ.പി. സ്‌കൂളിലായിരുന്നു ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 338 വോട്ടുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. 484 വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചു. ജെയ്ക്കിന് ചാണ്ടി ഉമ്മനേക്കാൾ 146 വോട്ട് കുറവ്. ബിജെപിക്ക് ഈ ബൂത്തിൽ ആകെ ലഭിച്ചത് 15 വോട്ടുകൾ.
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി വാസവൻ പാമ്പാടി എം.ജി.എം. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിൽ ചാണ്ടി ഉമ്മൻ 471 വോട്ടുകൾ നേടി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് നേടിയത് വെറും 230 വോട്ടുകൾ മാത്രമായിരുന്നു. 241 വോട്ടുകളാണ് ചാണ്ടി ഉമ്മൻ കൂടുതൽ നേടിയത്.
പുതുപ്പള്ളിയിൽ 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടന്നത്. ഇതിൽ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്ലാം റൗണ്ടിലും ചാണ്ടി ഉമ്മന്റെ ലീഡ് നില. ആദ്യ റൗണ്ടിൽ ലീഡ് -2816, രണ്ടാം റൗണ്ടിൽ ലീഡ് -2671, മൂന്നാം റൗണ്ടിൽ ലീഡ് -2911, നാലാം റൗണ്ടിൽ ലീഡ് -2962, അഞ്ചാം റൗണ്ടിൽ ലീഡ് -2989, ആറാം റൗണ്ടിൽ ലീഡ് -2515, ഏഴാം റൗണ്ടിൽ ലീഡ് -2767, എട്ടാം റൗണ്ടിൽ ലീഡ് -2949, ഒമ്പതാം റൗണ്ടിൽ ലീഡ് -2806, പത്താം റൗണ്ടിൽ ലീഡ് -3133 എന്നിങ്ങനെയാണ് ലീഡ് നില.
വാശിയേറിയ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നേടിയത്. നാൽപതിനായിരത്തോളം വോട്ടിന്റെ ലീഡിലാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. യു.ഡി.എഫ് ഭരണത്തിലുള്ള മീനടം, അയർകുന്നം പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ ലീഡ് പിടിച്ചു.
പുതുപ്പള്ളിയിൽ ഏകദേശം 12,000-ൽ അധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്കിനെ ചാണ്ടി ഉമ്മൻ മറികടന്നത്. 2006-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 45,047 വോട്ടുകളാണ്. 2011ൽ 36,667, 2016ൽ 44,505, 2021-ൽ 54328 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് നേടിയ വോട്ട്. 2021-ലെ തിരഞ്ഞെടുപ്പിൽ ജെയ്ക്ക് നേടിയ 54328 വോട്ട് സമീപകാലത്തെ ഏറ്റവും ഉയർന്ന എൽഡിഎഫ് വോട്ട് ഷെയറായിരുന്നു. ഇവിടെനിന്നാണ് ഇപ്പോഴത്തെ 42425-ലേക്ക് കുറഞ്ഞിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തേത്തുടർന്നുള്ള സഹതാപതരംഗം നിലനിൽക്കെ ഒരു വിജയം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വോട്ടെടുപ്പിന് ശേഷം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ