കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസിന്റെ സ്ഥാനാർത്ഥിത്വം മുന്നണി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷമാകും പ്രഖ്യാപനം.

പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രചരണം ഊർജ്ജിതമാക്കാനാണ് സിപിഎം നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം രണ്ടര മുതൽ ജെയ്ക്ക് സി. തോമസ് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. മണർകാട് മുതൽ വാകത്താനം വരെയുള്ള പര്യടനത്തിൽ പാർട്ടി പ്രവർത്തകർ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. 16ന് എൽ.ഡി.എഫ് കൺവെഷനും 17ന് പത്രികാ സമർപ്പണവും നടത്തും. വികസന വിഷയത്തിനൊപ്പം ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണം നിലനിർത്തിയാകും എൽ.ഡി.എഫ് പ്രചാരണം.

അതേസമയം യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വെള്ളിയാഴ്ച എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പ്രമുഖരെയും കണ്ടു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചാണ്ടി ഉമ്മനായി പ്രചാരണത്തിനെത്തും. ചാണ്ടി ഉമ്മൻ ഇന്ന് മുതൽ പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. എംഎ‍ൽഎമാരും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഏകോപനം. ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗത്തിനൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിയാവും യു.ഡി.എഫ് പ്രചരണം.

എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് 17-ന് പത്രിക നൽകും. ഇടതുമുന്നണി ബൂത്ത് കമ്മിറ്റികളുടെയും പഞ്ചായത്തുകമ്മിറ്റികളുടെയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 16-ന് നിയോജകമണ്ഡലം കൺവെൻഷൻ ചേരും. സിപിഎം. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 14-ന് പാമ്പാടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഘട്ടങ്ങളിലായി മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.

സിപിഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി., ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.പ്രകാശ്ബാബു, പി.സന്തോഷ് കുമാർ എംപി., സിപിഐ.മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, ജി.ആർ. അനിൽ, ജെ.ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ജെയ്ക് സി. തോമസിനായി പ്രചാരണത്തിനെത്തും.

ജില്ലാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ബിജെപി. മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങി. ബൂത്തുതല യോഗങ്ങൾക്കും കുടുംബയോഗങ്ങൾക്കും കൂടുതൽ ശ്രദ്ധ കൊടുക്കാൻ ബിജെപി. തയ്യാറായിക്കഴിഞ്ഞു. എല്ലാ പഞ്ചായത്തിലും ഇലക്ഷൻ കമ്മിറ്റി ഓഫീസുകൾ സജ്ജമായെന്നും 20-ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്നും ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിൽകണ്ട് വോട്ടുതേടാനാണ് ബിജെപി. ഒരുങ്ങുന്നത്.

അതിനിടെ പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തുടങ്ങി. കണ്ണൂർ സ്വദേശി കെ. പത്മരാജൻ ആണ് ആദ്യപത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയിട്ടുള്ളത്. വരണാധികാരിയായ ആർ.ഡി.ഒ. വിനോദ്രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഓഗസ്റ്റ് 17 വരെ പത്രിക സമർപ്പിക്കാം.