കോട്ടയം: പുതുപ്പള്ളിയിലെ വിധിയെഴുത്ത് ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയർത്താൻ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി വച്ചിട്ടുണ്ട്. സത്യങ്ങളെല്ലാം സമയമാകുമ്പോൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

അതേസമയം പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിൽ ഇടത് അനുകൂല വിധിയെഴുത്താകും ഉണ്ടാകുക. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ മഹത്വങ്ങൾക്കോ അല്ല തിരഞ്ഞെടുപ്പിൽ പ്രസക്തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താൻ പങ്കുവച്ചത്. വികസന ചർച്ചയ്ക്കും സ്‌നേഹ സംവാദത്തിനുമായി താനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചത്. പക്ഷേ യുഡിഎഫ് ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു.

രാവിലെ ഏഴിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.

25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. പുതുപ്പള്ളിയിൽ പുലർച്ചെ മുതൽ മികച്ച പോളിങാണ് തുടക്കത്തിൽ. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് കണിയാംകുന്ന് യു.പി.സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടർമാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമസഭയിലെ ബലാബലത്തിൽ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവർക്കും നിർണായകമാണ്. ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ നിറയുന്ന തിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.