- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോലുകൾ മാറിപ്പോയി, സ്‌ട്രോങ് റൂമുകൾ തുറക്കുന്നത് വൈകി; വോട്ടെണ്ണൽ തുടക്കം ചെറിയ ആശയക്കുഴപ്പത്തോടെ; കൗണ്ടിങ് സെന്ററിന് പുറത്ത് വോട്ടെണ്ണും മുമ്പ് വിജയാരവങ്ങളുമായി യുഡിഎഫ് പ്രവർത്തകർ
കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പു വോട്ടെണ്ണലിന്റെ തുടക്കം ആശയക്കുഴപ്പങ്ങളോടെ. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറക്കുന്ന മുറിയുടെ താക്കോലുകൾ മാറിപ്പോയതോടെ വോട്ടെണ്ണൽ സമയം വൈകി. താക്കോൽ മാറിയതോടെ വോട്ടെണ്ണലും വൈകുകയാണ്. ഇപ്പോൾ താക്കോൽ പ്രശ്‌നം പരിഹരിച്ചു വോട്ടെണ്ണൽ ഒരുക്കം തുടങ്ങി.
അതേസമയം വോട്ടെണ്ണൽ തുടങ്ങുന്നത് മുമ്പ് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്. കൗണ്ടിങ് സെന്ററിന് പുറത്ത് ആവേശാരവങ്ങളുമായാണ് യു.ഡി.എഫ് പ്രവർത്തകർ. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിട്ടുണ്ട്.
കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനോ അതോ രണ്ട് തവണ അദ്ദേഹത്തോട് പരാജയപ്പെട്ട ജെയ്ക് സി. തോമസോ വരുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ