- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്; ചാണ്ടി ഉമ്മൻ നാൽപതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിൽ നേതാക്കൾ; ജയിക്കുമെന്ന് എൽഡിഎഫും; ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ വിലയിരുത്തി മുന്നണികൾ; പുതുപ്പള്ളി ഫലം മറ്റന്നാൾ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം യുഡിഎഫിന് പുതുപ്പളലിയിൽ വൻ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ നേതാക്കൾ. 71. 68 ശതമാനം പോളിംഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർണമായി. ഇനി മറ്റന്നാൾ പെട്ടിതുറന്ന് ഫലം അറിഞ്ഞാൽ മതി. ഇപ്പോഴത്തെ അവസ്ഥിൽ തോൽവി എന്ന കാര്യം യുഡിഎഫ് ക്യാമ്പിനെ അലട്ടുന്നേയില്ല. ഭൂരിപക്ഷ കണക്കിൽ മാത്രമാണ് യുഡിഎഫ് നേതാക്കളുടെ നോട്ടം.
ചാണ്ടി ഉമ്മൻ എത്രവോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫ് ഇന്ന് കണക്കുകൂട്ടുക. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. പോളിങ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. ഇതോടൊപ്പം ഉമ്മൻ ചാണ്ടി വികാരവും മണ്ഡലത്തിൽ ശക്തമായിരുന്നു.
അതേസമയം നേരിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. ഇത് അവകാശവാദം മാത്രമാണെന്ന് പല നേതാക്കൾക്കും അറിയാവുന്ന കാര്യമാണ് താനും. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വീ. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും ഇന്ന് വിശദമായി വിലയിരുത്തും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ പടക്കിറങ്ങിയ യു.ഡി.എഫ് ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എല്ലാ ബൂത്തുകളിലും നേതാക്കളുടെ പടയെ ഇറക്കി പ്രതിപക്ഷ നേതാവ് മുന്നിൽ നിന്ന് നയിച്ചു. ഉമ്മൻ ചാണ്ടിയിൽ വിശ്വാസമർപ്പിച്ച് നീങ്ങുമ്പോഴും രാഷ്ട്രീയപ്പോരിനിറങ്ങിയ യു.ഡി.എഫ് എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു. വിലക്കയറ്റവും വിവാദവും കത്തിച്ചു നിർത്തി. അക്കമിട്ട അഴിമതിയാരോപണങ്ങളെ മുന്നിൽ വെച്ച് വെല്ലുവിളിച്ചപ്പോൾ കണ്ണ് വച്ചത് സർക്കാർ വിരുദ്ധവോട്ടുകളിൽ. സമുദായങ്ങളെ കൂടെ നിർത്താൻ സൂക്ഷിച്ചുള്ള സംസാരവും കൂടിക്കാഴ്ചകളും. ക്രിസ്ത്യൻ നായർ വോട്ടുകളുടെ ഭൂരിപക്ഷ വോട്ടുകളുമെത്തിക്കുന്നതിന് ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് കരുതുന്നത്. ബൂത്ത് തിരിച്ച കണക്ക് നോക്കി എണ്ണമെടുക്കാനാണ് തീരുമാനം.
182 ബൂത്തുകളെ ഇരുപത് മേഖലകളായി തിരിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള ശ്രമങ്ങളായിരുന്നു എൽ.ഡി.എഫ് നടത്തിയത്. പുതുപ്പള്ളിയുടെ പ്രാദേശിക വിസനമുയർത്തി സംവാദത്തിനുള്ള വെല്ലുവിളി. വികസനമെന്നത് അവസാനം വരെ നിലനിർത്തിയ എൽ.ഡി.എഫ് ഉമ്മൻ ചാണ്ടി വികാരത്തെ മറികടക്കാൻ ചികിത്സാ വിവാദത്തെ ഇടക്കിടക്ക് ചർച്ചയാക്കി.അവസാന നാളിലും ഇതേ ചൊല്ലി ഉയർന്ന വാദ പ്രതിവാദങ്ങളിൽ നിന്നത് വോട്ട് നോക്കിയായിരുന്നു.യു.ഡി.എഫിനൊപ്പം നിൽക്കുന്ന പരമ്പരാഗത സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ ചെയ്ത പ്രവർത്തികൾ ഫലം കണ്ടെന്നാണ് വിലയിരുത്തൽ. അതുവഴി കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം കയ്യിലാകുമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചർച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്‌ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്.
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ദിനവും ഉമ്മൻ ചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മൻ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻ ചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ