കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായത് ചാണ്ടി ഉമ്മനായിരുന്നു. കാര്യമായി മികവൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ സ്ഥാനാർത്ഥി. എന്നാൽ, ചാണ്ടി ഉമ്മന് പിന്നിൽ ബാഹുബലിയെ പോല അദൃശ്യ സാന്നിധ്യമായി നിലകൊണ്ടത് ഉമ്മൻ ചാണ്ടിയെന്ന മഹാമേരുവിന്റെ ഓർമ്മകളായിരുന്നു. തെരഞ്ഞെടുപ്പു വേദിയിൽ ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ക്രൂരമായി അവഹേളിച്ച ഇടതുപക്ഷത്തിന്റെ അധികാര ഗർവ്വിന് നൽകിയ തിരിച്ചടിയാണ് പുതുപ്പള്ളിയിലെ കൂറ്റൻ വിജയം.

മണ്ഡലത്തിലെ സർവകാല റെക്കോർഡ് വിജയത്തിലേക്കാണ് ചാണ്ടി ഉമ്മൻ നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിനെ എത്രത്തോളും സ്‌നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കുറ്റൻ വിജയം. മത്സരിക്കുന്നത് ചാണ്ടിയെങ്കിലും യഥാർഥ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാണെന്ന വിധത്തിലായിരുന്നു യുഡിഎഫിന്റെ പ്രചരണം. ആ പ്രചരണം ശരിവെക്കുന്ന വിധത്തലാണ് ചാണ്ടിയുടെ കുതിപ്പ്. അന്തിമ ലീഡ് എത്രയെന്നാണ് ഇനി അറിയേണ്ടത്.

കൗണ്ടിങ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 35000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി. അതേസമയം പ്രധാനസ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് ഹാട്രിക് തോൽവിയും നേരിടേണ്ടി വന്നു. ഭരണവിരുദ്ധ വികാരം അടക്കമാണ് ഇടതിന്റെ വൻ തോൽവിക്ക് ഇടയാക്കിയത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് മണ്ഡലത്തിൽ ഉണ്ടായത്. ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്.

വേട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടി ലീഡെടുത്തിരന്നു. തുടർന്ന് ഒാരോ ഘട്ടങ്ങളിലും ഈ ലീഡ് നില ഉയർത്തുകയാണ് ചെയ്തത്. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളിൽ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയർക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.

അത് മറികടന്ന് ലീഡ് ഉയർത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതിൽ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു.

ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് താമസിക്കുന്ന മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന മണർകാടും കൈവിട്ടതോടെ എൽഡിഎഫ് കനത്ത പരാജയമാണ് മുന്നിൽ കാണുന്നത്.

ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണർകാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ ചിത്രത്തിൽ പോലുമില്ല.