പുതുപ്പള്ളി: പുതുപ്പള്ളിയിൽ ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി നൽകുന്ന ഫലമാണ് പുതുപ്പള്ളിയിൽ നിന്നും പുറത്തുവന്നത്. ഉമ്മൻ ചാണ്ടി വികാരം മണ്ഡലത്തിൽ ആഞ്ഞു വീശുന്ന കാഴ്‌ച്ചയാണ് കണ്ടത്. മുഖ്യമന്ത്രി പിണറായി പ്രചരണം നടത്തിയ സ്ഥലങ്ങളിലെല്ലാം വൻ തോൽവി ജെയ്ക്ക് മാറി. പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീഡെന്ന് റിപ്പോർട്ടുകൾ.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനായി മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മുന്നൂറിൽപ്പരം ലീഡാണ് ഇവിടങ്ങളിലുള്ളതെന്നാണ് വരുന്ന റിപ്പോർട്ടുകൾ. മന്ത്രി വി എൻ വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മനായിരുന്നു ഭൂരിപക്ഷം.

സിപിഎം കോട്ടകളിൽ ഉൾപ്പെടെ ചാണ്ടി ഉമ്മൻ ലീഡ് ഉയർത്തി. ജെയ്ക് പ്രതീക്ഷ പുലർത്തിയ മണർകാട് പഞ്ചായത്തിൽപ്പോലും എൽഡിഎഫിന് ലീഡ് ഉയർത്താനായില്ല. മണർകാട്ടെ മുഴുവൻ ബൂത്തുകളിലും ചാണ്ടി തന്നയാണ് ലീഡ് ചെയ്തത്. 2019ലെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തെയും ചാണ്ടി മറികടന്നു.

തിരഞ്ഞെടുപ്പു ഗോദയിൽ മുഖ്യമന്ത്രി യുഡിഎഫിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാത്തത് അന്നു തന്നെ ചർച്ചയായിരുന്നു. പുതുപ്പള്ളിയിൽ എൽഡിഎഫ് നേരിട്ട് എതിർക്കുന്നത് യുഡിഎഫിനെ ആയിട്ടും ഉമ്മൻ ചാണ്ടിയെയോ വിവാദങ്ങളെയോ തൊടാതെ യുഡിഎഫിനെതിരെ കടുത്ത ആക്രമണം നടത്താതെ കേന്ദ്രത്തിനെതിരയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

പാർട്ടി കണക്കുകൾ എല്ലാം തെറ്റിച്ചുള്ള വോട്ട് ചോർച്ചയാണ് ഇടത് മുന്നണി നേരിട്ടത്. 2016ൽ 44,505 വോട്ടുകളും 2021ൽ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40000 പോലും എത്തിക്കാനായില്ല. തൃക്കാക്കരയ്ക്ക് പിന്നാലെയാണ് പുതുപ്പള്ളിയിലും എൽഡിഎഫിന് ഷോക്ക് ട്രീറ്റ്മെന്റ് ഇടതു മുന്നണിക്ക് ലഭങിക്കുന്ന്ത. അയർക്കുന്നവും അകലക്കുന്നവും കൂരോപ്പടയും കടന്നെത്തിയ യുഡിഎഫ് യാഗാശ്വത്തെ ജെയ്കിന്റെ തട്ടകമായ മണർകാടെങ്കിലും പിടിച്ചു കെട്ടാമെന്ന് കരുതി. ഒന്നും നടന്നില്ല. കഴിഞ്ഞ തവണ കടുത്ത മത്സരം നടന്ന പാമ്പാടിയും ആശ്വാസം നൽകിയില്ല. സമുദായിക സമവാക്യങ്ങൾ ഒരുഘട്ടത്തിലും തുണച്ചില്ല.

യാക്കോബായ വോട്ടുകളിൽ ധ്രുവീകരണം നടന്നതേയില്ല. കഴിഞ്ഞ തവണ ലീഡെടുത്ത ബൂത്തുകളിലെല്ലാം വോട്ട് ചോർച്ച. സഹതാപ തരംഗവും കടന്ന് ഭരണ വിരുദ്ധ വികാരമെന്ന യുഡിഎഫ് വിമർശനത്തിൽ എൽഡിഎഫ് പ്രതിരോധം ദുർബലമാകുമെന്നുറപ്പാണ്. അതേസമയം വൻവിജയം ഉറപ്പിച്ചതോടെ യുഡിഎഫ് പ്രവർത്തകരും ആഹ്ലാദത്തിലാണ്. മുഖ്യമന്ത്രിയെ പരിഹസിക്കാൻ വേണ്ടി ബിരിയാണി ചെമ്പും കൈതോലപ്പായയും ഒപ്പം പ്രാസം ഒപ്പിച്ചുള്ള പാട്ടുമായാണ് യുഡിഎഫുകാരുടെ ആഹ്ലാദപ്രകടനം നടക്കുന്നത്. ഇനി പുറത്തുവരാനുള്ളത് തോൽവിയിലെ ഇടതുപക്ഷത്തിന്റെ ന്യായീകരണമാണ്. എം വി ഗോവിന്ദൻ എന്തു മറുപടി പറയും എന്നാണ് അറിയേണ്ടത്.