തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ ചാണ്ടി ഉമ്മൻ തന്നെ. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയം നേടി. ഇത് പുതുപ്പള്ളിയിലെ പുതിയ ചരിത്രമാണ്. റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. 36454 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം.

50 വർഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011 തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സുജ സൂസൻ ജോർജിനെതിരെ ഉമ്മൻ ചാണ്ടിയ നേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മകൻ തിരുത്തി കുറിച്ചത്. യുഡിഎഫ് പ്രതീക്ഷിച്ചതും പോലെ വമ്പൻ വിജയം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടിൽ അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിയപ്പോൾ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മൻ ഉയർത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിലായി അയർക്കുന്നം പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടുകൾ എണ്ണിയപ്പോൾ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ കാഴ്ചവെച്ചത്. 2021ൽ അയർക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണർകാടും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാലിടറി. ഇവിടെയും ചാണ്ടി ഉമ്മൻ ജൈത്രയാത്ര നടത്തുന്നതാണ് കണ്ടത്. ഇതിന് പുറമേ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയിൽ വീണു.

വിജയം ഉറപ്പിച്ചെേതാ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി. കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. ഇനി രണ്ട് റൗഡ് വോട്ടാണ് എണ്ണാനുള്ളത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.

2021ൽ ഉമ്മൻ ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടി കിതച്ച 2021ൽ നിന്ന് 2023ൽ എത്തുമ്പോൾ ചാണ്ടി ഉമ്മൻ തുടക്കം മുതൽ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തിൽ പോലും ചാണ്ടിയെ മുന്നേറാൻ ജെയ്ക് സി തോമസിനായില്ല.