കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ രംഗത്തു വരുമ്പോൾ മറുവശത്ത് മണ്ഡലത്തിലെ പരിചിതനായ ജെയ്ക് സി തോമസിനെയാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ സഹാതാപം പിടിച്ചു പറ്റാനാണ് യുഡിഎഫിന്റെ ശ്രമം. ഈ വികാരം വോട്ടാക്കാനുള്ള ശ്രമങ്ങളുമായാമ് അവർ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് പുണ്യാളൻ പരിവേഷം അടക്കം നൽകുന്നത്.

തെരഞ്ഞെടുപ്പു ചിത്രം വ്യക്തമാകുമ്പോൾ അന്തരിച്ച ഉമ്മൻ ചാണ്ടിയെ തന്നെ കടന്നാക്രമിക്കുന്ന ശൈലിയിലേക്കാണ് സിപിഎം പോകുന്നത്. ഇതിന്റെ സൂചനകൾ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇപ്പോൾ പാർട്ടി നയത്തിൽ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കയാണ് ജെയ്ക് സി തോമസും. പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എൽഡിഎഫ് ജെയ്ക് സി തോമസ്. അത് വിശുദ്ധ ഗീവർഗീസാണെന്നും പറഞ്ഞാണ് ജെയ്ക്ക് ഉമ്മൻ ചാണ്ടി തരംഗത്തെ ചെറിക്കുമെന്ന് വ്യക്തമാക്കിയത്.

പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളിൽ വികസനവും രാഷ്ട്രീയവും ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

അതേസമയം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പു ചൂട് ശക്തമാക്കാൻ മുഖ്യമന്ത്രിയും കളത്തിലിറങ്ങും. യുഡിഎഫിന് തിരിച്ചടി നൽകാൻ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടയുള്ള പ്രവർത്തനങ്ങളിലേക്കാകും സിപിഎം കടക്കുക. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ഓഗസ്റ്റ് 17 ന് പത്രിക നൽകും. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും.

രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പിണറായി പ്രചരണത്തിന് എത്തുക. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർവ്വഹിക്കും. മുഖ്യമന്ത്രിയും ജെയ്ക്കിന് വേണ്ടി വോട്ടുപിടിക്കാൻ രംഗത്തിറങ്ങുന്നതോടെ ഇത് ഇടതു സർക്കാറിന്റെ ജനപ്രതീയുടെ മാറ്റുരക്കൽ കൂടിയായി മത്സരം മാറുമെന്നത് ഉറപ്പാണ്. എന്തായാലും മണ്ഡലത്തിൽ മന്ത്രിമാർ കൂട്ടത്തോടെ തമ്പടിക്കാനാണ് സാധ്യത.

ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാർട്ടി തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല.

2016 ലും 2021 ലും ഉമ്മൻ ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക്ക നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ട്. മണർകാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ.

ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.