- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ ഒരിക്കൽ കൂടി പൊതുസംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കൽ കൂടി പൊതുസംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ സംവാദത്തിന് തയ്യാറാണെങ്കിലും, പ്രധാനമന്ത്രിക്ക് സമ്മതമല്ലെന്ന് രാഹുൽ പറഞ്ഞു. ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
' പ്രധാനമന്ത്രി ഒരേതരം അഞ്ചോ പത്തോ മാധ്യമപ്രവർത്തകർക്ക് 30-35 അഭിമുഖങ്ങൾ നൽകി. ചില ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും എനിക്ക് എഴുതിയ ശേഷം പൊതുസംവാദത്തിനായി ആവശ്യമുയർത്തി. അവർ നരേന്ദ്ര മോദിക്കും കത്തെഴുതി. ജനാധിപത്യത്തിൽ സംവാദം ഉണ്ടാകണമെന്നാണ് അവരുടെ അഭിപ്രായം. രാഹുൽ ഗാന്ധിയുമായി അദ്ദേഹം സംവാദം നടത്തണം....ഞാൻ തയ്യാറാണ്, മോദിയുമായി സംവാദത്തിന്, അദ്ദേഹം പറയുന്ന എവിടെ വച്ചും. നിങ്ങൾ എന്താണ് കരുതുന്നത്, അദ്ദേഹം സംവാദത്തിന് വരുമോ, ഇല്ല വരില്ല', രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിയെയും രാഹുലിനെയും മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ പൊതുസംവാദത്തിന് ക്ഷണിച്ചത്, റിട്ട. ജസ്റ്റിസ് മദൻ ബി ലൊക്കൂർ, നിയമ കമ്മീഷന്റെ മുൻ ചെയർമാൻ അജിത് പി ഷാ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം എന്നിവരാണ്. രാഹുൽ ഗാന്ധി ക്ഷണം സ്വീകരിച്ചെങ്കിലും, ബിജെപി ക്ഷണം നിരസിച്ചു. രാഹുൽ ഇന്ത്യ സഖ്യത്തിന്റെയെന്നല്ല, കോൺഗ്രസിന്റെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ല എന്ന ന്യായമാണ് ബിജെപി നിരത്തിയത്.
ഗൗതം അദാനിയെ കുറിച്ചുള്ള ചോദ്യം ഒഴിവാക്കാനാണ് മോദി സംവാദത്തിന് സമ്മതിക്കാത്തതെന്ന് രാഹുൽ പരിഹസിച്ചു. മോദി സംവാദത്തിന് തയ്യാറായാൽ ആദ്യം അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രൽ ബോണ്ടിനെ കുറിച്ച് ചോദിക്കും. അതോടെ സംവാദം അവസാനിക്കുമെന്നും രാഹുൽ മോദിയെ പരിഹസിച്ചു. മോദി സാധാരണക്കാർക്ക് വേണ്ടി കഴിഞ്ഞ പത്തുകൊല്ലവും ഒന്നും ചെയ്തില്ല. പക്ഷേ രാജ്യത്തെ അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളി. രാജ്യത്തുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് 24 തവണ വേതനം നൽകാമായിരുന്നത്ര പണമാണ് അതിസമ്പന്നർക്ക് വേണ്ടി മോദി എഴുതി തള്ളിയതെന്നും രാഹുൽ പറഞ്ഞു.
മേഘത്തിന്റെ മറവിൽ യുദ്ധ വിമാനം പറത്തിയാൽ റഡാറിൽ വരില്ലെന്നതടക്കമുള്ള പല അബദ്ധങ്ങളും മോദി പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. റംസാൻ സമയത്ത് മുസ്ലിം സഹോദരങ്ങൾ തനിക്ക് ഭക്ഷണം തരുമായിരുന്നുവെന്ന് മോദി അഭിമുഖത്തിൽ പറഞ്ഞു. മോദി അപ്പോൾ സസ്യാഹാരിയല്ലേ? അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും മോദി സർക്കാർ ജയിലിലടച്ചു. സാഹോദര്യത്തിന്റെ നാടായ ഡൽഹിയിൽ ചൂല് കൈയിലേന്തിയാണ് പോരാട്ടമെന്നും രാഹുൽ വ്യക്തമാക്കി.
കോൺഗ്രസിന് ടെംപോ കണക്കിന് പണം അദാനി-അംബാനിയിൽ നിന്ന് കിട്ടുന്നുണ്ടെന്ന് ആരോപിക്കുന്ന മോദി അത് അന്വേഷിക്കാൻ ധൈര്യപ്പെടുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.