- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് 55,000 രൂപ! സ്വന്തമായി വാഹനമില്ല
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളും. 4.3 കോടി രൂപയുടെ ഓഹരി നിക്ഷേമുണ്ട്. മ്യൂച്വൽ ഫണ്ടിലാകട്ടെ 3.81 കോടി രൂപയും. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് നിക്ഷേപ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
മാർച്ച് 15ലെ കണക്കനുസരിച്ച് 15.21 ലക്ഷം രൂപ വിപണി മൂല്യമുള്ള ഗോൾഡ് ബോണ്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. മൊത്തം ആസ്തിയാകട്ടെ 20.4 കോടി രൂപയാണ്. രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് ആകെ 55,000 രൂപ മാത്രമാണ്. എസ്.ബി.ഐയുടെ ഡൽഹിയിലെ പാർലമെന്റ് ഹൗസ് ബ്രാഞ്ചിലും ഖാൻ മാർക്കറ്റ് ബ്രാഞ്ചിലെ എച്ച്.ഡി.എഫ്.സി ശാഖയിലുമായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. യങ് ഇന്ത്യൻ കമ്പനിയുടെ ഇക്വിറ്റി ഷെയർ ആയി 1,90,000 രൂപയും വിവിധ കമ്പനികളുടെ ഓഹരികളായി 4,33,60,519 രൂപയുമുണ്ട്.
മ്യൂച്വൽ ഫണ്ടായി വിവിധയിടങ്ങളിൽ 3,81,33,572 രൂപയുണ്ട്. 15,21,740 രൂപക്ക് തുല്യമായ സ്വർണബോണ്ടുകളുണ്ട്. എൻ.എസ്.എസ്, പോസ്റ്റൽ സേവിങ്‌സ്, ഇൻഷുറൻസ് പോളിസി തുടങ്ങിയ ഇനങ്ങളിൽ 61,52,426 രൂപയുമുണ്ട്. സ്വന്തമായി വാഹനമില്ല. 168.800 ഗ്രാമിന്റെ സ്വർണമടക്കം ആഭരണങ്ങൾ കൈവശമുണ്ട്. ഇതിന് 4,20,850 രൂപ വിലവരും.
ഇന്നലെയാണ് വയനാട് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 18 ക്രിമിനൽ കേസുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മ
മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കലക്ടർ രേണുരാജിന് മുമ്പാകെ രാഹുൽ ഗാന്ധി സമർപ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമാകും. എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജയും ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കെ സുരേന്ദ്രൻ ഇന്ന് പത്രിക നൽകും.